nh

പാറശാല: ദേശീയപാത തകർന്നടിഞ്ഞ് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓണവിപണി സജീവമാകുന്ന സാഹചര്യത്തിൽ തകർന്ന റോഡിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നത് ഉറപ്പാണ്. കഴിഞ്ഞ മഴയിൽ രൂപപ്പെട്ട കുഴികൾ പെട്ടന്നാണ് വൻ കുഴികളായി മാറിയത്. അതിർത്ഥി മേഖലയായ കളിയിക്കാവിള മുതൽ ബാലരാമപുരം വഴിമുക്ക് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ റോഡിൽ പലഭാഗങ്ങളിലും വൻ അപകടക്കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്ക് വില്ലനായതോടെ നാട്ടുകാർ ചേർന്ന് കുഴികൾ മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ പിന്നാലെ പെയ്തമഴയിൽ മണ്ണെല്ലാം ഒലിച്ചുപോയി. ഇതോടെ നാട്ടുകാർ ഈ കുഴികളിൽ വാഴയും മരക്കൊമ്പുകളും നട്ട് പ്രതിഷേധിച്ചിട്ടും ഫലം കണ്ടില്ല. ഇതോടെ ചില നാട്ടുകാർ ചേർന്ന് സിമന്റ് ഉപയോഗിച്ച് കുഴികൾ മൂടി. എന്നാൽ ഏറെ തിരക്കുള്ള ഈ റോഡിൽ സിമന്റിനും ഏറെ നാളത്തെ ആയുസ് നിന്നില്ല.

രാത്രികാലങ്ങളിൽ യാത്രക്കാർക്ക് വഴികാട്ടുന്നത് പാതയോരത്തെ കടകളിലെ വെട്ടം മാത്രമാണ്. ഇവിടെ പല സ്ഥലങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ കത്താറില്ല. ഉള്ളതാകട്ടെ മിക്കവയും പ്രകാശിക്കാറുമില്ല. റോഡിന്റെ അവസ്ഥ അറിയാവുന്ന പലരും ഇതുവഴിയുള്ള യാത്ര ഒഴിവാക്കാറാണ് പതിവ്.

മഴതുടങ്ങിയാൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാകും. പിന്നീട് ഇവിടെ വൻ വെള്ളക്കെട്ടാകും ദേശിയപാതയുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പ് ആയതിനാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ റോഡിന് വേണ്ടി പണം ചെലവാക്കാൻ തയാറാകുന്നതുമില്ല.