തിരുവനന്തപുരം: ശശി തരൂരിനെതിരായ മോദിസ്തുതി വിവാദം അവസാനിപ്പിക്കാൻ കെ.പി.സി.സി തീരുമാനിച്ചെങ്കിലും തരൂരിനെതിരായ നിലപാട് ആവർത്തിച്ച് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.പി. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിജയിച്ചവർ മോദിസ്തുതി നടത്തേണ്ടെന്ന തന്റെ നിലപാടിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി.
ഓക്സ്‌ഫോർഡ് ഇംഗ്ലീഷിലല്ല താൻ മോദിയെ വിമർശിച്ചിട്ടുള്ളത്. ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് അറിഞ്ഞിട്ടല്ല തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് എ. ചാൾസ് രണ്ടുതവണ വിജയിച്ചതും. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് ആവശ്യമില്ല. തിരുവനന്തപുരം പൊതുവേ കോൺഗ്രസ് അനുകൂല മണ്ഡലമാണ്. എന്നാൽ വടകര ഇടതു കോട്ടയാണ്. ആ വടകരയിൽ താനും തിരുവനന്തപുരത്ത് ശശി തരൂരും വിജയിച്ചത് മോദി വിരുദ്ധവികാരത്തിന്റെ പേരിലാണ്. അങ്ങനെ ജയിച്ചവർ മോദിസ്തുതി നടത്തേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു- മുരളീധരൻ വ്യക്തമാക്കി. തരൂർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് കരുതിയിട്ടാകാം കെ.പി.സി.സി നടപടി വേണ്ടെന്ന് തീരുമാനിച്ചത്.
മുരളീധരന്റെ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫേസ്ബുക്കിൽ പന്നിയുടെ സ്വഭാവം വിവരിക്കുന്ന ബെർണാഡ് ഷായുടെ വരികളുദ്ധരിച്ച് മുരളിക്ക് ശശി തരൂർ വ്യംഗ്യമായ മറുപടി നൽകി. പന്നിയുമായി ഗുസ്തി പിടിച്ചാൽ നിങ്ങൾ വൃത്തികേടാവും. പക്ഷേ ആ ഗുസ്തി പന്നി ഇഷ്ടപ്പെടുന്നു- ബെർണാഡ്ഷായുടെ ഈ വരികൾ തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിലൂടെ തരൂരിന്റെ ഉന്നം വ്യക്തം.