madhu

തിരുവനന്തപുരം : വനസംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തിന്റെ തെക്കുനിന്നു വടക്കുവരെ ബൈക്കിൽ യാത്രചെയ്ത് തിരിച്ചെത്തിയിരിക്കുകയാണ് അറുപത്തിയേഴുകാരനായ പി.മധുസൂദനൻ എന്ന പ്രകൃതിസ്‌നേഹി. തിരുവനന്തപുരം മുതൽ ലഡാക്ക് വരെ നീളുന്ന 27 ദിവസത്തെ യാത്രയിൽ ഒൻപതിനായിരം കിലോമീറ്ററാണ്‌ റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ തന്റെ ഹീറോഹോണ്ട കരിസ്മ എന്ന ബൈക്കിൽ ഓടിത്തീർത്തത്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് മധുസൂദനൻ. മരങ്ങൾ സംരക്ഷിക്കണമെന്ന ആശയവുമായി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യുവിലാണ് യാത്ര അവസാനിപ്പിച്ചത്. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് തന്റെ ദൗത്യം പൂർത്തിയാക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങോട്ടുള്ള യാത്രയ്ക്കിടെ അജന്ത ഗുഹയിൽ നടന്ന ചരിത്രകാരന്മാരുടെയും കലാകാരന്മാരുടെയും സമ്മേളനത്തിൽ സ്വീകരണം നൽകിയിരുന്നു. സിറ്റി മേഖലകൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ചെറിയ വാടകയ്ക്ക് താമസ സൗകര്യം സംഘടിപ്പിച്ചാണ് 27 ദിവസത്തെ യാത്ര പൂർത്തിയാക്കിയത്.

ആദ്യയാത്ര 2012 ൽ കന്യാകുമാരി മുതൽ കാശ്‌മീർ വരെയാണ് നടത്തിയത്. എൻഫീൽഡ് ബുള്ളറ്റിലായിരുന്നു അന്നത്തെ യാത്ര. കെ.ബി.ഗണേശ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് വേണ്ടി നടത്തിയ ദിവസങ്ങൾ നീണ്ട സഞ്ചാരമാണ് ഇത്തരം ദീർഘദൂര യാത്രകൾക്ക് പ്രചോദനമായത്. ഇങ്ങനെയെടുത്ത നിരവധി ചിത്രങ്ങൾക്ക് മധുസൂദനന് അവാർഡുകളും ലഭിച്ചിട്ടുണ്ട്. എൻജിനിയർമാരായ രണ്ടു മക്കളും അച്ഛന്റെ യാത്രകൾക്ക് സഹായവുമായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറയുന്നു.