psc

തിരുവനന്തപുരം: ഏഴ് സായുധ ബറ്റാലിയനുകളിലേക്കും വനിതാ ബറ്റാലിയനുകളിലേക്കും പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ ആദ്യ നൂറു വീതം റാങ്കുകൾ നേടിയവരുടെ ഫോൺ നമ്പർ പരിശോധിക്കുന്നത് വൈകുന്നു. 800 പേരുടെ ഫോൺ നമ്പർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.എസ്‌.സി കത്തു നൽകിയെങ്കിലും ഹൈടെക് സെൽ അന്വേഷണം ആരംഭിച്ചിട്ടില്ല. ഒരു വർഷത്തിലേറെ പഴക്കമുള്ള ഈ ഫോൺ വിവരങ്ങൾ സൂക്ഷിക്കണമെന്ന് സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുമില്ല. ഡി.ജി.പിയുടെ നിർദേശം ലഭിച്ചശേഷം അന്വേഷണം മതിയെന്നാണ് സെല്ലിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി പറയുന്നത്.

റാങ്ക് ലിസ്റ്റ് തയ്യാറാക്കി പരിശീലനം തുടങ്ങാനിരിക്കെയാണ് യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികൾ ആദ്യ റാങ്കുകാരായ കെ.എ.പി നാലാം ബറ്റാലിയനിലെ തട്ടിപ്പ് പുറത്തായത്. ഇതോടെ മറ്ര് ലിസ്റ്റുകളിലും തുടർ നടപടികൾ മരവിപ്പിച്ചു. കഠിന പ്രയത്നത്തിലൂടെ മുന്നിലെത്തിയവർ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുകയാണ്. ഫോൺ നമ്പർ പരിശോധന വേഗത്തിൽ പൂർത്തിയാക്കിയെങ്കിൽ മറ്റ് ലിസ്റ്റുകളിലുള്ളവർക്ക് നിയമനം ലഭിച്ചേനേ.

പരീക്ഷാ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാൻ ആദ്യ 100 റാങ്ക് നേടിയവരുടെ ഫോൺ നമ്പരുകൾ പരിശോധിക്കണമെന്നാണ് പി.എസ്‌.സി വിജിലൻസിന്റെ ശുപാർശ. സമാനമായ ഉത്തരവാണ് ഹൈക്കോടതിയും നൽകിയത്.