തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബഹ്റയെ വിമർശിച്ചതിന്റെ പേരിൽ പൊലീസിനെ വിട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറസ്റ്റ് ചെയ്യിക്കാനും നിയമ നടപടി സ്വീകരിക്കാനുമുള്ള ഏത് നീക്കത്തേയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു. നീക്കം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി നേരിടും.

കെ.പി.സി.സി പ്രസിഡന്റിനെതിരായ നീക്കം സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഗൂഢാലോചനയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടി ചരിത്ര വിജയത്തിലേക്ക് യു.ഡി.എഫിനെ നയിക്കാൻ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയും യു.ഡി.എഫിനെ ഒറ്റക്കെട്ടായി നയിക്കുകയും ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢാലോചനയാണ് ഡി.ജിപി ലോക്നാഥ് ബെഹ്റയുടെ നീക്കത്തിന് പിന്നിൽ.

കേരളത്തിൽ ഇതിന് മുമ്പും ഡി.ജി.പിമാരായിരുന്നവർക്കെതിരെ പ്രതിപക്ഷ നേതാക്കൾ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളപ്പോൾ പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടും അന്നൊന്നും ആരെയും പ്രോസിക്യൂട്ട് ചെയ്യാൻ ഭരണകൂടങ്ങൾ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയെയും സി.പി.എം നേതാക്കളേയും പ്രീതിപ്പെടുത്താൻ അവർക്ക് വിടുപണി ചെയ്യുന്ന ഡി.ജി.പി പൊലീസ് സേനയ്ക്ക് അപമാനമാണ്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഡി.ജി.പിയായി ലോക്നാഥ് ബെഹ്റ മാറിയെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.