തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാൻ സമരം നടത്തേണ്ടിവന്നത് ദയനീയമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാൻ അനുമതി ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പട്ടം പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത് കാണുമ്പോൾ ഭാഷയോട് മലയാളിക്ക് സ്നേഹമില്ലേയെന്നു തോന്നിപ്പോകുന്നു. മലയാളം അറിയാതെ നമ്മുടെ കുട്ടികൾ വളരുകയാണ്. സമരം നടത്താതെ തന്നെ മലയാളത്തിൽ പരീക്ഷയെഴുതാൻ അനുമതി നൽകേണ്ടതായിരുന്നുവെന്ന് അടൂർ പറഞ്ഞു.
മലയാളികൾ പൊതുവേ ദുരഭിമാനികളാണെന്നും ഭാഷയുടെ കാര്യത്തിലും ആ മനോഭാവമുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് മുൻ ഡയറക്ടർ എം.ആർ തമ്പാൻ ,ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരും സംസാരിച്ചു. മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.പി പ്രിയേഷ്, വിദ്യാർത്ഥി മലയാളി ഐക്യവേദി നേതാവ് രൂപിമ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. വിനോദ് വൈശാഖി, ശശി മാവിൻമൂട്, ശശിധരൻ കുണ്ടറ, മുഖത്തല ശ്രീകുമാർ തുടങ്ങിയവർ ഐക്യദാർഢ്യമർപ്പിച്ച് കവിത ചൊല്ലി.