തിരുവനന്തപുരം : പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്നലെ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശിവരഞ്ജിത്തിനെ ആറ്റിങ്ങലിലെ വഞ്ചിയൂർ യു.പി സ്‌കൂളിലും നസീമിനെ തൈക്കാട് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലുമെത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഇതോടൊപ്പം പരീക്ഷയെഴുതാൻ ഉപയോഗിച്ച സ്മാർട്ട് വാച്ചുകളിൽ ഒരെണ്ണം പി.എം.ജി സ്റ്റുഡന്റ് സെന്ററിൽ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയും തെളിവെടുപ്പ് നടത്തി. എന്നാൽ വാച്ച് കണ്ടെടുക്കാനായില്ല.
മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി.
തട്ടിപ്പിന് ഉപയോഗിച്ച മറ്റൊരു വാച്ച് ഒളിവിൽ പോയശേഷം മൂന്നാറിലെ നല്ലതണ്ണിപുഴയിൽ വലിച്ചെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ വെള്ളിയാഴ്ച മൂന്നാറിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും അതും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കേസിലെ നിർണായ തെളിവായ വാച്ച് കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിനു വെല്ലുവിളിയായിരിക്കുകയാണ്. സ്മാർട്ട് വാച്ച് കണ്ടെത്തിയാൽ മാത്രമേ തട്ടിപ്പ് ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കൂ. പരീക്ഷാഹാളിൽ പ്രതികൾക്കൊപ്പം പരീക്ഷ എഴുതിയവരിൽ നിന്നു ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ വിളിച്ചുവരുത്തി വിവരങ്ങൾ രേഖപ്പെടുത്തും. ഇവരുടെ ഫോൺ രേഖകളും പരിശോധിക്കും.
അതേസമയം കേസിൽ ഉൾപ്പെട്ട പ്രണവ്, സഫീർ, ഗോകുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരിൽ സഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇയാളോട് പത്തു ദിവസത്തിനകം കീഴടങ്ങാനും കോടതി നിർദേശിച്ചിട്ടുണ്ട്.