red-bus

പാറശാല: ബാംഗ്ലൂർ പാളയം കളാസിയിൽ നിന്നും 43 യാത്രക്കാരുമായി കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച 'മാജിക്കൽ എക്സ്‌പ്രസ്" ബസിലെ യാത്രക്കാരെ ഇന്നലെ പാറശാലയ്ക്ക് സമീപം ഇഞ്ചിവിളയിൽ ഇറക്കിവിട്ടതായി പരാതി. മറ്റൊരു ബസിൽ യാത്രചെയ്യാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്ന് യാത്രക്കാർ ആരോപിച്ചു. യാത്രക്കാരുടെ പരാതിയെ തുടർന്ന് പാറശാല ആർ.ടി.ഒ അധികൃതരെത്തി ബസിനെ കുറുങ്കുട്ടി ചെക്പോസ്റ്റിൽ തടഞ്ഞിട്ടു. പെർമിറ്റ് ഇനത്തിൽ ഒരു ലക്ഷം രൂപയും പിഴ ഇനത്തിൽ അയ്യായിരവുമുൾപ്പെടെ 1,05,000 രൂപ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. ചെന്നൈയിലെ ഐ.പി.സി ടൂർസ് ആൻഡ് ട്രാവൽസിന്റെ ബസാണിത്. നാഷണൽ പെർമിറ്റ് ഉണ്ടെങ്കിലും വഴിനീളെ ആളുകളെ കയറ്റി ഇറക്കാനുള്ള പെർമിറ്റ് ഇല്ലെന്നു പറഞ്ഞാണ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത്.

എന്നാൽ ഇന്നലെ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തിക്കാമെന്ന വ്യവസ്ഥയിൽ ഓരോ യാത്രക്കാരിൽ നിന്നും 3500 രൂപ കരാറുകാരായ റെഡ് ബസ് ഈടാക്കിയിരുന്നു. ബസ് വളരെ പതുക്കെയാണ് ഓടിച്ചിരുന്നത്. അതിനാൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് പാറശാലയിലെത്തിയത്. വൈകിയതിനൊപ്പം വഴിയിൽ ഇറക്കിവിടുകയും ചെയ്തതോടെ യാത്രക്കാർ പ്രതിഷേധിച്ച് പാറശാല പൊലീസിനെ വിവരം അറിയിച്ചു. തുടർന്നാണ് പാറശാല ആർ.ടി.ഒ അധികൃതരെത്തി പിഴ ചുമത്തിയത്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം നിരസിച്ച ബസ് അധികൃതർക്കെതിരെ പാറശാല സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് കരാറുകാർ ഏർപ്പാട് ചെയ്ത ബസിൽ യാത്രക്കാ‌രെ തിരുവന്തപുരത്തെത്തിച്ചു.