ganja

തിരുവനന്തപുരം: കോടതിയിലേക്കുള്ള യാത്രാ മദ്ധ്യേ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ. വട്ടപ്പാറ ചിറ്റാഴ നരുത്തൂർ സ്വദേശി പ്രതീഷ് (24),​ കുടപ്പനക്കുന്ന് പേരാവൂർ അയണിക്കാട് വീട്ടിൽ വിശാഖ് (27)എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ എ.കെ.ജി സെന്ററിനു മുൻപിലായിരുന്നു സംഭവം. പൂ‌ജപ്പുര ജില്ലാ ജയിലിൽനിന്നു വഞ്ചിയൂർ കോടതിയിലേക്ക് പ്രതിയുമായി പോയ പൊലീസ് വാഹനത്തെ പിന്തുടർന്നു കഞ്ചാവു പൊതി എറിയുകയായിരുന്നു. എ.കെ.ജി സെന്ററിന് മുന്നിലെ ട്രാഫിക് സിഗ്‌നലിൽ വാഹനം നിറുത്തിയപ്പോൾ ബൈക്കിലെത്തിയ 2 പേരിൽ പിൻസീറ്റിൽ ഇരുന്നയാൾ പൊതി ബസിലേക്ക് ഇടുകയായിരുന്നു. ഇത് കണ്ട പൊലീസുകാർ ബൈക്ക് ഓടിച്ച പ്രതീഷിനെ പിടികൂടിയെങ്കിലും വിശാഖ് ബസിൽ കയറി രക്ഷപ്പെട്ടു. ഇയാളെ വെള്ളിയാഴ്ച വൈകിട്ട് ശ്രീകാര്യത്തു നിന്നു കന്റോൺമെന്റ് പൊലീസ് പിടികൂടി. പ്രതികളെ റിമാൻഡ് ചെയ്തു.