kerala-highcourt

തിരുവനന്തപുരം: ക്രമക്കേടുകൾക്ക് ഇടയാക്കുന്ന പരീക്ഷാ നടത്തിപ്പിനെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ ശക്തമായ വിമർശനങ്ങളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയിലുള്ള ലീഗൽ റീട്ടെയിനറെ ചുമതലപ്പെടുത്തും. അടുത്ത കമ്മീഷൻ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും.

പി.എസ്.സി പരീക്ഷകളിൽ പൊതുജനങ്ങളുടെ വിശ്വാസ്യത തരികെപ്പിടിക്കുന്നതിന് സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. . എന്നാൽ ഏതു കാലം മുതൽക്കുള്ള ഏതൊക്കെ പരീക്ഷകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ലീഗൽ റീട്ടെയിനറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാവും പി.എസ്.സി സ്വന്തം നിലയ്ക്കുള്ള അന്വേഷണം തുടങ്ങുക.

ശരാശരി രണ്ടായിരത്തിലേറെ നിയമനങ്ങളാണ് ഒരു മാസം പി.എസ്.സി നടത്തുന്നത്. ക്രമക്കേട് നടന്ന കാസർകോട് സിവിൽ പൊലിസ് ബറ്റാലിയൻ പരീക്ഷ നടന്നത് കഴിഞ്ഞ വർഷം ജൂലായ് 22നാണ്. ഇതിനു ശേഷം നടത്തിയ മുഴുവൻ പരീക്ഷകളും നിയമനങ്ങളും പരിശോധിക്കണമെന്നാണ് കോടതി പറയുന്നതെങ്കിൽ പി.എസ്.സിക്ക് പിടിപ്പതു പണിയാകും. ഇക്കാലയളവിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,​ യൂണിവേഴ്സിറ്റി അസിസ്റ്റന്റ്,​ ലാസ്റ്റ് ഗ്രേഡ്,​ വില്ലേജ് ഓഫീസർ,​ ഫയർമാൻ,​ ജില്ലാടിസ്ഥാനത്തിലുള്ള എൽ.ഡി. ക്ലാർക്ക് തുടങ്ങി നൂറിലേറെ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷകൾ നടത്തിയിട്ടുണ്ട്. ഇതിൽ നിയമനം നടത്തിയവയും നിയമന നടപടി ക്രമങ്ങൾ പുരോഗമിക്കുന്നവയുമുണ്ട്. ഇതെല്ലാം പരിശോധിച്ചുള്ള അന്വേഷണത്തിന് സമയമെടുക്കും.

ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ പി.എസ്.സി പരീക്ഷാ രീതികളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് റിപ്പോർട്ട് നൽകാൻ പരീക്ഷ കൺട്രോളറെ നേരത്തെ പി.എസ്.സി ചുമതലപ്പെടുത്തിയിരുന്നു.