airport

കൂടുതൽ സർവീസ് തുടങ്ങിയാൽ ഇന്ധനനികുതി കുറയ്ക്കാമെന്ന് മുഖ്യമന്ത്റി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് നിത്യേന മുപ്പത് അധികസർവീസ് നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമാനക്കമ്പനികളുടെ ഉറപ്പ്. മൂന്നുമാസത്തിനകം സർവീസുകൾ കൂട്ടും..

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്റി വിളിച്ച യോഗത്തിലാണ് വിമാനക്കമ്പനികളുടെ ഉറപ്പ് .തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്ക് അഞ്ച് അധിക സർവീസുകൾ നടത്തുമെന്ന് കേന്ദ്രവ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയും ഉറപ്പുനൽകി. കൂടുതൽ സർവീസ് നടത്തിയാൽ ഇന്ധനനികുതി ഇനിയും കുറയ്ക്കാമെന്ന് മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തു.

വിമാനക്കമ്പനികളുടെ ആവശ്യപ്രകാരം തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ നികുതി 25ശതമാനത്തിൽ നിന്ന് 5ശതമാനമായും കണ്ണൂർ വിമാനത്താവളത്തിൽ ഒരു ശതമാനമായും കുറച്ചിട്ടും സർവീസുകൾ വെട്ടിക്കുറച്ചതായി മുഖ്യമന്ത്റി യോഗത്തിൽ പറഞ്ഞു. എയർപോർട്ട് അതോറിട്ടിയുടെ കണക്കു പ്രകാരം 2018-19ൽ തിരുവനന്തപുരത്ത് 645 സർവീസുകൾ കുറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ 1005 അന്താരാഷ്ട്ര സർവീസുകളടക്കം 1579സർവീസുകൾ കുറച്ചു. ഐടി മേഖലയിൽ കുതിച്ചുചാട്ടത്തിന് തിരുവനന്തപുരം ഒരുങ്ങുമ്പോഴാണ് ഈ പിന്നോട്ടടി. ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖ ഐടി കമ്പനികൾ തിരുവനന്തപുരത്ത് നിക്ഷേപം നടത്തുകയാണ്. ഒരു ലക്ഷം തൊഴിലവസരങ്ങളാണ് വരുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയാവുകയാണ്. ഇ-മൊബിലി​റ്റി മേഖലയിലും വൻകിട അന്താരാഷ്ട്ര കമ്പനികൾ കേരളത്തിലേക്ക് വരുന്നു. വിനോദസഞ്ചാരികൾ ഏറ്റവുമധികം ഉപയോഗിക്കുന്നതും തിരുവനന്തപുരം വിമാനത്താവളമാണ്.തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകളിൽ ശരാശരി 90ശതമാനം യാത്രക്കാരുണ്ട്. ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഒരുപോലെ തിരക്കുണ്ടെന്നത് കമ്പനികൾ പരിഗണിക്കണം. തിരുവനന്തപുരത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് ബിസിനസ് ക്ലാസുള്ള സർവീസില്ല. ആകെയുണ്ടായിരുന്ന സിൽക്ക് എയർ സർവീസ് നിറുത്തി. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ലാഭകരമാക്കാൻ വിമാനകമ്പനികൾക്ക് എയർപോർട്ട് അതോറിട്ടി കൂടുതൽ ഇളവുകൾ നൽകണം.

ഗൾഫിലേക്കുള്ള അമിത

നിരക്ക് കുറയ്ക്കണം

ഗൾഫിലേക്ക് അമിതനിരക്ക് ഈടാക്കുകയാണ് കമ്പനികളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്സവസീസണിൽ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് നിരക്ക് വർദ്ധന. സർക്കാരുമായി വിമാനക്കമ്പനികളുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണിത്. ഗൾഫിലെ സാധാരണ ജോലിക്കാരെ ഇത് പ്രതിസന്ധിയിലാക്കും. ഉത്സവസീസണിൽ മുൻകൂട്ടി അധിക സർവീസുകൾ ഏർപ്പെടുത്തിയാൽ യാത്രാദുരിതം പരിഹരിക്കാം. ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിക്കണം. അമിതനിരക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം തടയണം.

എയർഇന്ത്യ, എയർഇന്ത്യ എക്സ് പ്രസ്, എയർഏഷ്യ, വിസ്താരഎയർ, ഇൻഡിഗോ, സ്പൈസ്ജെ​റ്റ്, ഗോഎയർ, എയർഅറേബ്യ, ഫ്‌ളൈദുബായ്, കുവൈത്ത് എയർവേയ്സ്, ഒമാൻഎയർ, ഗൾഫ്എയർ, അലയൻസ്എയർ, മെലിൻഡോ, ഖത്തർ എയർവേയ്സ്, ഇത്തിഹാദ്, എമിറേ​റ്റ്സ്, എയർ ആസ്ട്രേലിയ, സിൽക്ക്എയർ എന്നീ വിമാനക്കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത്

റീ-ഫ്യൂവലിംഗ്

വിദേശ വിമാനങ്ങൾക്ക് തിരുവനന്തപുരത്തിറങ്ങി ഇന്ധനം നിറയ്ക്കാൻ (റീ-ഫ്യൂവലിംഗ്) സൗകര്യം നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള പറഞ്ഞു. ഇന്ധനനികുതി കുറയ്ക്കുന്നത് വ്യോമയാന മേഖലയുടെ വികസനത്തിന് പിന്തുണയാണ്. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനം ഇന്ധനത്തിനാണ്. നികുതി കുറച്ചാൽ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും.

രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരമാണ് വിദേശ വിമാനക്കമ്പനികൾക്ക് സീ​റ്റ് അനുവദിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും ഉഭയകക്ഷി പ്രകാരമുള്ള സീ​റ്റ് ക്വോട്ട പൂർണമായും ഉപയോഗിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ ക്വോട്ട തികയ്ക്കുന്നില്ല. ഇതാണ് കൂടുതൽ വിദേശ സർവീസ് തുടങ്ങാൻ തടസം. .

യൂസർ ഫീ സ്

ഉടൻ കുറയില്ല

തിരുവനന്തപുരം വിമാനത്താവളത്തിലെ ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ഫീസ്, യൂസർ ഫീസ് എന്നിവ കുറയ്ക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു. 2021ൽ മാത്രമേ ഇക്കാര്യം പരിഗണിക്കാനാവൂ എന്ന് എയർപോർട്ട് അതോറി​റ്റി ചെയർമാൻ അനൂജ് അഗർവാൾ പറഞ്ഞു.