mullappaly
MULLAPPALY

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് ക്രമക്കേട് ആരോപണത്തിൽ ഡി.ജി.പിക്കെതിരെ നടത്തിയ പരാമർശത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ബെഹ്റയ്ക്ക് സർക്കാർ അനുമതി നൽകിയത് കോൺഗ്രസ് രാഷ്ട്രീയായുധമാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമായി വിശേഷിപ്പിച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തുകയാണ് ലക്ഷ്യം.

കാശ്മീർ പ്രശ്നത്തിലുൾപ്പെടെ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന സമീപനത്തോട് പിണറായി സർക്കാരിന്റെ നടപടിയെ താരതമ്യം ചെയ്ത് പാലാ ഉപതിരഞ്ഞെടുപ്പിലും ഇത് മൂർച്ചയേറിയ ആയുധമാക്കാനാണ് നീക്കം.

മുല്ലപ്പള്ളിക്കെതിരായ നീക്കത്തിൽ രൂക്ഷ പ്രതികരണവുമായി ഇന്നലെ ഉന്നത കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെയെത്തി. സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും അതേ വഴിയാണ് പിണറായിയുടേതും എന്ന് സ്ഥാപിച്ചെടുക്കാനും അതുവഴി ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കാനുമാണ് യു.ഡി.എഫ് നീക്കം. ശശി തരൂരിനെതിരായ മോദീസ്തുതി വിവാദത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുയർന്ന അസ്വാരസ്യങ്ങളെ തത്കാലത്തേക്കെങ്കിലും മറികടക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലുണ്ട്.

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പ്രചാരണത്തിൽ ഏറെ മുന്നേറുകയും ചെയ്തിട്ടുണ്ട്. കെ.എം. മാണിയുടെ സിറ്റിംഗ് സീറ്റായിട്ടും കേരള കോൺഗ്രസ്-എമ്മിലെ തർക്കം സൃഷ്ടിച്ച പ്രതിസന്ധി കാരണം യു.ഡി.എഫിന് സ്ഥാനാർത്ഥി നിർണയം ഇനിയും നടത്താനായിട്ടില്ല. തർക്കം യു.ഡി.എഫിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുമോയെന്ന ശങ്കകളുയരുന്നതിനിടെയാണ് മുല്ലപ്പള്ളിക്കെതിരായ കേസിനെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിന് വീണുകിട്ടിയിരിക്കുന്നത്.

അതിനിടെ, രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്ക് നിയമ നടപടികളുമായി നീങ്ങാൻ അവസരമൊരുക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ നല്ല പ്രവണതയല്ലെന്ന വിമർശനങ്ങൾ ഇടത് കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ അനാവശ്യ വിവാദം വിളിച്ചുവരുത്തുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായങ്ങളുമുയരുന്നു.