tribal-welfare

തിരുവനന്തപുരം: ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾക്ക് വേദിയൊരുക്കാനും വംശീയ ഭക്ഷണത്തിന് പ്രചാരം നൽകി ഗോത്രവർഗ പൈതൃകത്തനിമ സംരക്ഷിക്കാനും ലക്ഷ്യമിട്ട് എറണാകുളത്ത് ഗോത്ര സാംസ്‌കാരിക സമുച്ചയം ഒരുങ്ങി.
എറണാകുളം കണയന്നൂർ ഫോർഷോർ റോഡിൽ ഒരേക്കർ 18 സെന്റ് ഭൂമിയിൽ 2229.22 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന കോംപ്ലക്‌സിൽ ആധുനിക സംവിധാനങ്ങളുള്ള ആഡിറ്റോറിയം, പട്ടികവർഗക്കാരുടെ ഉത്പന്നങ്ങളുടെ പ്രദർശന വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഡോർമിറ്ററികൾ എന്നിവയുണ്ട്.
പട്ടികവർഗക്കാർ നിർമ്മിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 14 കടകൾ സജ്ജീകരിച്ചിട്ടുണ്ട്.
മുള കൊണ്ടുള്ള ഉത്പന്നങ്ങൾ, തടിയിൽ തീർത്ത ശില്പങ്ങൾ, വന വിഭവങ്ങൾ, തേൻ, മുളയരി, റാഗി, പാരമ്പര്യ കൃഷി ഉത്പന്നങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും സാധിക്കുന്നതിലൂടെ പട്ടികവർഗക്കാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനുമാവും.
ആധുനിക ശബ്ദ സംവിധാനങ്ങളോടെയുള്ള ഓഡിറ്റോറിയത്തിൽ കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക് ട്രീറ്റ്‌മെന്റ്, വീഡിയോ പ്രൊജക്ടർ ആൻഡ് കൺട്രോൾ സിസ്റ്റം, എ.സി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 200 പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.