തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും ഏത് തസ്തികയിൽ നിയമിക്കണമെന്ന് ധാരണയായില്ല. ഇന്നലെ രാവിലെ മുതൽ വിമാനക്കമ്പനി മേധാവികളുമായുള്ള ചർച്ച അടക്കം മുഖ്യമന്ത്റി നിരവധി ഔദ്യോഗിക പരിപാടികളുടെ തിരക്കിലായിരുന്നു. ഉച്ചയ്ക്കു ശേഷം ആലപ്പുഴയിലേക്ക് പോയി. പൊലീസിലെ ഏതൊക്കെ വിഭാഗത്തിലാണ് ഡി.ജി.പി തസ്തികയിലെ ഒഴിവുകളെന്ന് അറിയിക്കേണ്ട സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പത്തനംതിട്ടയിൽ അദാലത്തിലായിരുന്നു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി സസ്‌പെൻഷനിലായ ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനു ശുപാർശ നൽകിയിരുന്നു. ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷനിലോ മ​റ്റേതെങ്കിലും അപ്രധാന തസ്തികകളിലോ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേ​റ്റീവ് ട്രൈബ്യൂണൽ കേസ് വീണ്ടും പരിഗണിക്കുന്നതിനു മുൻപ് ഇക്കാര്യത്തിൽ ധാരണയുണ്ടാകും. സംസ്ഥാനത്തെ ഏ​റ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ നിയമിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം.