lab

തിരുവനന്തപുരം: സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഡെന്റൽ ലബോറട്ടറി ഉടൻ പ്രവർത്തനം ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിക്ക് സമീപത്തെ കെട്ടിടം നവീകരിച്ചാണ് ലബോറട്ടറിയാക്കി മാറ്റിയത്. ഡെന്റൽ മെക്കാനിക്ക് അടക്കം പുതിയ ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതോടെ ലാബിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രം നടന്നിരുന്ന കൃത്രിമ പല്ല് നിർമ്മാണം പൂർണമായും കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗത്തിൻ കീഴിലുള്ള പുതിയ ലാബിൽ ചെയ്യാനാകും. ലാബിന്റെ പ്രവർത്തനം പഠനഗവേഷണ മേഖലകളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രോഗികൾക്കും ഒരുപോലെ ഗുണകരമാകും. ജോയിന്റ് ഡി.എം.ഇ ഡോ. ജോളി മേരി വർഗീസ്, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിറ്റാ ബാലൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഹർഷകുമാർ, കൺസർവേറ്റീവ് ഡെൻട്രിസ്റ്റി വിഭാഗം മേധാവി ഡോ. സാംജോസഫ്, പ്രോസ് തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ലൈലജം (തൃശൂർ ഡെന്റൽ കോളേജ്) എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ലബോറട്ടി തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.