police

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വീണ്ടും ദാസ്യപ്പണി വിവാദം. വിവിധ സായുധ ക്യാമ്പുകളിലെ നാൽപ്പതോളം ക്യാമ്പ് ഫോളോവർമാരെ ഉന്നത ഉദ്യോഗസ്ഥർ വീട്ടുജോലിക്ക് നിയോഗിച്ചതായാണ് പരാതി.

അനധികൃത ജോലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പ് ഫോളോവേഴ്‌സിന്റെ സംഘടന സർക്കാരിന് പരാതി നൽകി. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതോടെയാണ് പൊലീസിലെ ദാസ്യപ്പണി വിവാദമായത്. ഇതേത്തുടർന്ന് ദാസ്യപ്പണി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ ആകെയുള്ള 29 താൽക്കാലിക ജീവനക്കാരിൽ 16 പേരെയും ചട്ടം ലംഘിച്ച് പുറംജോലിക്കായി മാ​റ്റിയിരിക്കുകയാണ്. ഇതിൽ ആറ് പേർ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും എട്ട് പേർ ഓഫീസുകളിലുമാണ്. തിരുവനന്തപുരം റൂറൽ ക്യാമ്പിലെ അഞ്ച് പേരും തൃശൂരിൽ നിന്ന് ആറ് പേരും കോഴിക്കോട് നിന്ന് എട്ടു പേരുമാണ് എസ്.പിമുതൽ എ.ഡി.ജി.പി വരെയുള്ള ഉന്നതരുടെ വീടുകളിൽ ജോലി ചെയ്യുന്നത്.