കല്ലമ്പലം: വാടകക്കാരനെ ഒഴിപ്പിക്കാൻ കെട്ടിടം ഉടമയും സംഘവും ഹോട്ടലിന് മുന്നിൽ ഇറക്കി കെട്ടിയിരുന്ന വരാന്തയും ബോർഡുകളും നശിപ്പിച്ച് വ്യാപാരം തടസപ്പെടുത്തിയതായി പരാതി. നാവായിക്കുളം പഞ്ചായത്തിൽ കല്ലമ്പലത്തിനു സമീപം സാബിത്ത് ഹോട്ടൽ നടത്തുന്ന പുളിയറക്കോണം നസീറ മൻസിലിൽ നാസറാണ് പരാതിക്കാരൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇയാൾ പള്ളിയിൽ പോയപ്പോൾ കെട്ടിട ഉടമയും പഞ്ചായത്ത് പ്രതിനിധിയും ഇരുപതോളം ആൾക്കാരും പൊലീസ് സംരക്ഷണത്തോടെ വരാന്തയും മറ്റും തകർത്തെന്നും ഇത് മൂലം നിർദ്ധന കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് ഭാരവാഹികൾ കല്ലമ്പലം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായി പ്രതിഷേധിച്ചു. തിങ്കളാഴ്ച പഞ്ചായത്തിൽ പ്രതിഷേധ ധർണ നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷി ബാസു, യൂണിറ്റ് പ്രസിഡന്റ് കമാലുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി യു.എൻ. ശ്രീകണ്ഠൻ, ട്രഷറർ രാജീവ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.