2

പോത്തൻകോട്: നഗരത്തിലെ അഞ്ച് പ്രധാന റോഡുകൾ സംഗമിക്കുന്ന പോത്തൻകോട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. ട്രാഫിക് ബ്ലോക്ക് കാരണം ജംഗ്ഷൻ കടക്കാൻ പെടാപ്പാടിലാണ് യാത്രക്കാർ. കുരുക്കഴിക്കാൻ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കണമെന്ന നാട്ടുകാരുടെയും വ്യാപാരി വ്യവസായി സമിതികളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പോത്തൻകോട്ടെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ പല ഏജൻസികൾ നിരവധി പഠനങ്ങൾ നടത്തി ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ഫലപ്രദമായ ട്രാഫിക് നിയന്ത്രണം ഒരുക്കിയിട്ടില്ല. സമാന്തര വാഹനങ്ങളുടെയും അനധികൃത ആട്ടോ സ്റ്റാന്റുകളുടെയും റോഡ് കൈയേറിയുള്ള പാർക്കിംഗ് അപകടങ്ങൾക്കും ട്രാഫിക് ബ്ലോക്കിനും പ്രധാന കാരണങ്ങളാണ്. ദിശാസൂചക ബോർഡുകളുടെ അഭാവം ദീർഘദൂര വാഹനയാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. അന്യജില്ലകളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ദിശ അറിയാൻ സഹായിക്കുന്ന ഒറ്റ ബോർഡ്‌ പോലുമില്ല. നിലവിലുള്ള ബോർഡുകളാവട്ടെ യാത്രക്കാരെ വഴിതെറ്റിക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഫാർമേയ്‌സ് ബാങ്ക് മുതൽ ജെ.കെ ഓഡിറ്റോറിയം വരെയുള്ള റോഡിൽ നിരവധി കുഴികളാണ്. കൂടാതെ കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി ജംഗ്‌ഷനിൽ ഓടകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. മാസങ്ങളായി നടക്കുന്ന പണികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. കാൽ നടപോലും അസാദ്ധ്യമാക്കുന്ന തരത്തിൽ കമ്പിയും വേസ്റ്റും റോഡുവക്കിൽ ഇട്ടിരിക്കുന്നതിനാൽ ജീവൻ പണയംവച്ചാണ് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും സഞ്ചരിക്കുന്നത്.

പ്രധാന പ്രശ്നങ്ങൾ

 വാഹനങ്ങളുടെ റോഡ് കൈയേറിയുള്ള പാർക്കിംഗ്

ഫലപ്രദമായ ട്രാഫിക് നിയന്ത്രണമില്ല

ദിശാ ബോർഡുകളുടെ അഭാവം

നിലവിലുള്ളവ പലതും നശിച്ചു

റോഡു നിറയെ ഗട്ടറുകളാണ്

ജംഗ്‌ഷനിൽ ഓടകൾ വെട്ടിപ്പൊളിച്ചു

ജംഗ്ഷനിൽ ചേരുന്ന പ്രധാന റോഡുകൾ

കഴക്കൂട്ടം-കാട്ടായിക്കോണം റോഡ്‌

അണ്ടൂർക്കോണം-പോത്തൻകോട് റോഡ്‌

മംഗലപുരം-വാവറ-പോത്തൻകോട് റോഡ്‌

പൗഡിക്കോണം -പോത്തൻകോട് റോഡ്‌

വെഞ്ഞാറമൂട്-പോത്തൻകോട് റോഡ്‌

വെമ്പായം-പോത്തൻകോട് റോഡ്‌

ജംഗ്ഷനിൽ സംഗമിക്കുന്നത് 5 റോഡുകൾ

പോത്തൻകോട് വർദ്ധിച്ചുവരുന്ന ട്രാഫിക്‌ ബ്ലോക്കിന് ശാശ്വത പരിഹാരം കാണണം. അനധികൃത ആട്ടോറിക്ഷ സ്റ്റാൻഡുകളും സമാന്തര വാഹനങ്ങളെയും നിയന്ത്രിക്കണം. വർഷങ്ങളായി പ്രവർത്തിക്കാത്ത തെരുവ് വിളക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണിനടത്തി പ്രവർത്തന ക്ഷമമാക്കണം.

എൻ. സുധീന്ദ്രൻ (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്)