mankayam

പാലോട്: വന സംരക്ഷണ സമിതികളുടെ തർക്കത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന പെരിങ്ങമ്മല മങ്കയം ഇക്കോ ടൂറിസം നാളെ മുതൽ തുറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. മങ്കയം, ഇടിഞ്ഞാർ വന സംരക്ഷണ സമിതികൾ (വി.എസ്.എസ്) സംയുക്തമായിട്ടാണ് പ്രവർത്തനം നടത്തുന്നതെന്ന് പാലോട് ആർ.ഒ പറഞ്ഞു. എന്നാൽ മങ്കയം, ഇടിഞ്ഞാർ വി.എസ്.എസുകൾ ഒന്നാക്കാൻ ഒരു ചർച്ചയിലും ധാരണയായിട്ടില്ലെന്നും ടൂറിസം മങ്കയം വി.എസ്.എസിൽ തന്നെ നിലനിറുത്തി തുറക്കണമെന്നും ഇപ്പോൾ നടക്കുന്നത് മാസത്തിൽ നാലു ദിവസം മാത്രം കിട്ടുന്ന തൊഴിൽ കൂടി നഷ്ടപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണെന്നും മങ്കയം വി.എസ്.എസ് ഭാരവാഹികൾ പറഞ്ഞു. നിയമവിരുദ്ധമായി തുറന്നാൽ ചെക്ക്പോസ്റ്റിനു മുന്നിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഇവർ പറയുന്നു. 11 മാസം മുൻപാണ് ഒരു മുങ്ങിമരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ ഇക്കോ ടൂറിസം അടച്ചിട്ടത്. എന്നാൽ പിന്നീട് തുറക്കാൻ തീരുമാനിച്ചപ്പോൾ ഇടിഞ്ഞാർ വനസംരക്ഷണ സമിതിയുടെ അംഗങ്ങൾക്കു കൂടി ജോലി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇത് അംഗീകരിക്കാൻ മങ്കയം വി.എസ്.എസ് തയ്യാറായില്ല.ഈ തർക്കമാണ് നീണ്ട അടച്ചുപൂട്ടലിലേക്ക് വഴിതെളിച്ചത്.