ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ നടത്തിയ പ്രസ്താവനയാണ് നിയമനടപടിക്ക് ആധാരം. ഇടതു നിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകൾ തട്ടിയെടുക്കാൻ ഡി.ജി.പി സഹായം നൽകുന്നു. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പൊലീസ് മേധാവി പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.
ഇതിനെതിരെ നിയമ നടപടിക്ക് അനുമതി തേടി കഴിഞ്ഞ മേയിൽ ഡി.ജി.പി നൽകിയ അപേക്ഷയ്ക്കാണ് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയത്. ഉന്നത പദവിലിരിക്കുന്ന ഉദ്യോഗസ്ഥന് മാനഹാനി ഉണ്ടാക്കുന്ന പ്രസ്താവനയാണ് മുല്ലപ്പള്ളിയുടേതെന്നും അതിനാൽ കേസുമായി മുന്നോട്ടുപോകാൻ ഡി.ജി.പിക്ക് അനുമതി നൽകുന്നതായും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രതിപക്ഷത്തെ പ്രമുഖ പാർട്ടിയുടെ അദ്ധ്യക്ഷനെതിരെ പൊലീസ് മേധാവി മാനനഷ്ട കേസിന് പോകുന്നതും അതിന് സർക്കാർ അനുമതി നൽകുന്നതും ഇതാദ്യമാണ്.