മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ 2020 ജനുവരി 10 വരെ അന്താരാഷ്ട്ര സാംസ്കാരികോത്സവമായി മഹാഭാരത യജ്ഞം നടത്തും. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് മഹാഭാരത യജ്ഞത്തിന്റെ മുഖ്യ കാർമ്മികൻ. സമ്പൂർണ്ണ പാരായണവും പ്രഭാഷണവും ആയേടം കേശവൻ നമ്പൂതിരി നടത്തും. യജ്ഞത്തിന്റെ ഭാഗമായി ദിവസവും മഹാഭാരത പാരയണവും പാരായണ ഭാഗത്തിന്റെ പ്രഭാഷണവും നടക്കും. മഹായജ്ഞത്തിന്റെ ഗ്രന്ഥം മഹാഭാരതത്തിന്റെ ആദ്യ അവതരണം നടന്ന നമിഷശാരണ്യത്തിൽ നിന്നാണ് രഥ യാത്രയായി കൊണ്ടുവരുന്നത്.
ഇതോടനുബന്ധിച്ചുള്ള എക്സിബിഷനിൽ ഭരതത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതും മഹാഭാരത സംബന്ധിയുമായ ഭാഗങ്ങളെ വിവിധ തരത്തിൽ അവതരിപ്പിക്കും. കൂടാതെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ മേളയും മടക്കും. മഹായജ്ഞത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻ കലകളുടെയും സംഗീതത്തിന്റെയും അവതരണവും ഉണ്ടാവും.
സംഘാടക സമിതി രൂപീകരിച്ചു
മാവേലിക്കര: മഹാഭാരതം അന്താരാഷ്ട്ര സാംസ്കാരികോത്സവത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് (ചെയർമാൻ), സെക്രട്ടറി ആർ.രാജേഷ് കുമാർ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിന് ക്ഷേത്രംതന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. എം.കെ.രാജീവ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, വൈസ് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ശ്രീജിത്, പിന്നാക്ക വികസന കോർപ്പറേഷൻ അംഗം എ. മഹേന്ദ്രൻ, സിന്ധു ദിവാകരൻ, സുധാ വിജയകുമാർ, വത്സല സി.എസ്.പിള്ള, സദാശിവൻ, സി.ചന്ദ്രശേഖരപിള്ള, രാജൻ ചെങ്കിളിൽ, ജ്ഞാനാനന്ദയോഗി, ദേവസ്വം അസി.കമ്മിഷണർ രാജീവ്, ക്ഷേത്രം എ.ഒ ദിലീപ് കുമാർ, കെ.ആർ.മുരളീധരൻ, രാജേഷ് കുമാർ, ഹിന്ദുമത കൺവെൻഷൻ അംഗങ്ങൾ, കരനാഥൻമാർ തുടങ്ങിയവർ പങ്കെടുത്തു.