tv-r

 സ്ഥലം ഉണ്ടെങ്കി​ലും കെട്ടി​ടം പണി​യാൻ നടപടി​യി​ല്ല

തുറവൂർ : സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടമില്ലാത്തതിനാൽ അംഗൻവാടിയുടെ പ്രവർത്തനം വാടകക്കെട്ടിടങ്ങളിൽ. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിലെ 89-ാം നമ്പർ അംഗനവാടിയാണ് കഴിഞ്ഞ ഏഴ് വർഷമായി വാടകവീടുകളിൽ പ്രവർത്തിക്കുന്നത്.

പട്ടണക്കാട് ശിശു വികസന പ്രോജക്ട് ഓഫീസ് പരിധിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടം ശോച്യാവസ്ഥയിലായതോടെയാണ് അംഗൻ വാടിയുടെ ശനിദശ തുടങ്ങിയത്. ഒരു ഡസനിലേറെ കുട്ടികളുണ്ടായിരുന്ന അംഗൻവാടിയുടെ പ്രവർത്തനം സമീപത്തെ കുണ്ടം പുഴി കോളനിയിലെ ഒരു വീട്ടിലേക്ക് മാറ്റി. കെട്ടിടം പണിയണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് 3 വർഷം മുൻപ് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി 5 ലക്ഷം രൂപ കെട്ടിടം നിർമ്മിക്കുവാൻ വകയിരുത്തി. ഒപ്പം ജില്ലാ പഞ്ചായത്തിന്റെ 3 ലക്ഷം, ശിശു ക്ഷേമ വകുപ്പിന്റെ 2 ലക്ഷം എന്നിവ ചേർത്ത് 10 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിന് ആകെ ലഭിച്ചത്. 8. 75 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. പണി ഏറ്റെടുത്ത കരാറുകാരൻ തറ കെട്ടാൻ ഒരു ലോഡ് കരിങ്കല്ല് തൊട്ടടുത്ത റോഡിലിറക്കി മുങ്ങിയതോടെ പണി നിലച്ചു.

അംഗൻവാടിയുടെ സ്ഥലത്ത് കെട്ടിട നിർമ്മാണ സാമഗ്രികൾ ഇറക്കാനുള്ള ബുദ്ധിമുട്ടും വർദ്ധിച്ച കൂലി ചെലവും ചൂണ്ടിക്കാട്ടി പീന്നീട് കരാറുകാർ ആരും പണി ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കെട്ടിട നിർമ്മാണത്തിന് അനുവദിച്ച തുക അപര്യാപ്ത മാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു.

കരിങ്കല്ല് ഭീഷണി

അംഗൻവാടി നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് മിനിലോറി കയറി ചെല്ലാൻ സൗകര്യമുണ്ട്. കരാറുകാരൻ അമാൽഗം റോഡിലിറക്കിയ കരിങ്കല്ല് നാട്ടുകാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറി. അംഗൻവാടിയുടെ പ്രവർത്തനം വാടക വീടുകളിലായതോടെ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും കുറഞ്ഞു.നാൾക്കുനാൾ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു. ഇപ്പോൾ രണ്ട് കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. അംഗൻവാടിയുടെ കെട്ടിട നിർമ്മാണം നിലച്ചതോടെ പഞ്ചായത്തധികൃതർ വിളിച്ച യോഗത്തിൽ പങ്കെടുത്ത നാട്ടുകാർ നിർമ്മാണ സാമഗ്രികൾ റോഡിൽ നിന്ന് ശ്രമദാനം നടത്തി പണിസ്ഥലത്തേക്ക് എത്തിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയതാണ്. പട്ടണക്കാട് ബ്ലോക്കിൽ ആദ്യമായി തൊഴിലുറപ്പു പദ്ധതി ഫണ്ടിലുൾപ്പെടുത്തി നിർമ്മിക്കുവാൻ തീരുമാനിച്ച അംഗൻവാടിയുടെ കെട്ടിടം ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു.

''അംഗൻവാടി കെട്ടിട നിർമ്മാണത്തിന് കരാറുകാർ മുന്നോട്ടു വരാത്തതാണ് പ്രധാന പ്രശ്നം. അംഗൻവാടി നിലനിറുത്താൻ സ്വന്തംകെട്ടിടം അത്യാവശ്യമാണ്. അതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ലതാ ശശിധരൻ, പത്താം വാർഡ് അംഗം, കുത്തിയതോട് പഞ്ചായത്ത്.