erf

ഹരിപ്പാട്: പി.ഐ.പി കനാലിനു മുകളിലൂടെ പണികഴിപ്പിച്ച റാമ്പും ചെറിയ പാലവും കാലപ്പഴക്കത്താൽ തകർന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ.

അകംകുടി അരുണപ്പുറം ജംഗ്‌ഷനിൽ നിന്നും ഉള്ളന്നൂർ കോളനിയിലേക്കും മറ്റും യാത്രാ സൗകര്യത്തിനായി നിർമ്മിച്ച പാലമാണ് തകർച്ച നേരിടുന്നത്. 25 വർഷത്തിന് മേൽ പഴക്കംമുള്ള റാമ്പും പാലവും അപ്രോച്ച് റോഡും നന്നാക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

പി.ഐ.പി കനാലിനു മുകളിലൂടെ ഉള്ള പാലവും റോഡും ആയതിനാൽ ജനപ്രതിനിധികളുടെ ഫണ്ടോ പഞ്ചായത്തിന്റെ ഫണ്ടോ വിനിയോഗിച്ച് പുനർ നിർമ്മിക്കാനോ, അറ്റകുറ്റപ്പണി നടത്താനോ കഴിഞ്ഞിട്ടില്ല. ഉപയോഗശൂന്യമായി കിടക്കുന്ന കനാലിന് മുകളിലൂടെയുള്ള പാലത്തിന്റെ അടിവശം ദ്രവിച്ച് സിമന്റ് അടർന്നു മാറിയ നിലയിലാണ്. അപകടകരവും ഏതു നിമിഷവും നിലം പൊത്താവുന്ന അവ സ്ഥയിലുമാണ് ഇത്. കഷ്ടിച്ച് നാല് അടി വീതി മാത്രമുള്ള പാലത്തിന് ഇരു ഭാഗത്തും കൈവരികളോ പാർശ്വഭിത്തികളോ ഇല്ല. സൈക്കിൾ, ബൈക്ക് യാത്രക്കാർ കനാലിന് അകത്തേക്ക് വീണ് അപകടമുണ്ടാകുന്നത് പതിവു കാഴ്ചയാണ്. ചെങ്ങന്നൂരിലെ പി.ഐ.പി ഓഫീസുമായി പലതവണ നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.

ദുരിതയാത്ര

ദിനംപ്രതി 100 ഓളം വീട്ടുകാർ, 3 അംഗൻവാടികളിലേക്കുള്ള കുട്ടികൾ, നടുവട്ടം ഹയർക്കൻഡറി സ്കൂൾ, എസ്.എൻ ട്രസ്റ്റ് സ്കൂളുകൾ, ടി കെ എം എം കോളേജ് , മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഏക ആശ്രയമാണ് ഈ വഴി. മുച്ചക്ര വാഹനങ്ങളോ മറ്റ് വാഹനങ്ങളോ കടന്നു പോകാത്തതിനാൽ അത്യാസന്ന നിലയിലുള്ള രോഗികളെ താങ്ങിയെടുത്താണ് പ്രധാന റോഡിലെത്തിക്കുന്നത്. അരണപുറം ജംഗ്ഷൻ രെ മാത്രമാണ് വാഹനസൗകര്യമുള്ളൂ. പ്രശ്ന പരിഹാരത്തിനായി റാമ്പും പാലവും പൊളിച്ചു മാറ്റി സൈഫൺ രീതിയിൽ ഈ ഭാഗം പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


'' കനാൽ ഭാഗം ഭൂമിക്കടിയിലൂടെ പുനർനിർമ്മിക്കുന്നതിനുള്ള നടപടി വേണം. അത്യാവശ്യഘടങ്ങളിൽ വാഹന സൗകര്യം ലഭ്യമാകാത്തത് രോഗികളുടെ ജീവൻ നഷ്ടപ്പെടാൻ പോലും ഇടയാക്കിയേക്കാം

-പ്രദേശവാസി