photo

ചേർത്തല:കേന്ദ്രസർക്കാരിന്റെ പുതിയ ഗതാഗതപരിഷ്‌കാരം കേരളത്തിൽ കർശനമായി നടപ്പാക്കുമെന്ന് മന്ത്റി എ.കെ ശശീന്ദ്രൻ പറഞ്ഞു.കെ.എസ്.ആർ.ടി.സിയുടെ അർത്തുങ്കൽ-വേളാങ്കണ്ണി സൂപ്പർഫാസ്​റ്റ് ബസ് സർവീസായ പിൽഗ്രിം റൈഡർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിൽ പ്രതിവർഷം 45000 അപകടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. അതിൽ 80ശതമാനം പേരും ഇരുചക്രവാഹനത്തിലുള്ളവരും ചെറുപ്പക്കാരുമാണ്. ജനങ്ങളെ സഹായിക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി സ്വീകരിച്ചുപോന്നിരുന്നത്. ഇപ്പോൾ ഒരു മാസം 42 കോടി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ജനകീയ ആവശ്യങ്ങൾ നിറവേ​റ്റുന്നതോടൊപ്പം ലാഭവും നഷ്ടവും ഇല്ലാതെ വരവും ചെലവും പൊരുത്തപ്പെട്ടുപോകണമെന്നതാണ് വകുപ്പിന്റെ തീരുമാനം.അതിനായി ഇപ്പോൾ ചില നിയന്ത്റണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവക്കാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും മന്ത്റി പറഞ്ഞു.മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു.എ.എം.ആരീഫ് എംപി മുഖ്യപ്രഭാഷണം നടത്തി.അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ.ക്രിസ്​റ്റഫർ എം.അർത്ഥശേരിൽ വിശിഷ്ടാതിഥിയായി.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ,ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി,ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യാബെന്നി,വാർഡ് അംഗങ്ങളായ മേരി ഗ്രേസ്, പി.പി സോമൻ എന്നിവർ സംസാരിച്ചു.കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടർ എം.ടി.സുകുമാരൻ സ്വാഗതവും എ.ടി.ഒ സി.കെ.രത്‌നാകരൻ നന്ദിയും പറഞ്ഞു. സർവീസനായി രണ്ട് ബസുകൾ ചേർത്തല ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 4ന് ചേർത്തല കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ നിന്നും ബസ് പുറപ്പെടും.അർത്തുങ്കൽ ബസിലിക്കയിലെത്തുന്ന ബസ് അവിടെ നിന്നു 4.30ന് സർവീസ് തുടങ്ങി അടുത്ത ദിവസം രാവിലെ8.40ന് വേളാങ്കണ്ണിയിൽ എത്തും. അവിടെ നിന്നും വൈകുന്നേരം 4.15ന് പുറപ്പെടുന്ന ബസ് രാവിലെ 8ന് ചേർത്തലയിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.