nop

 തലവേദനയായി എടത്വ ടൗണിൽ അനധികൃത പാർക്കിംഗ്

കുട്ടനാട്: പൊലീസിന്റെയും പഞ്ചായത്തിന്റെയും 'നോ പാർക്കിംഗ്' ബോർഡിന് പുല്ലുവില പോലും കൊടുക്കാതെ എടത്വ ടൗണിൽ അനധികൃത പാർക്കിംഗ് പെരുകിയിട്ടും നടപടിയില്ല. കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്ക് ഉൾപ്പെടെ ബുദ്ധിമുട്ടായി മാറിയിരിക്കുന്ന ഈ നിയമലംഘനം വ്യാപാരികൾക്കും വല്ലാത്ത തലവേദനയായി മാറിക്കഴിഞ്ഞു.

എടത്വ പാലത്തിന് കിഴക്കേക്കരയിലും എടത്വ പള്ളി കുരിശടിക്ക് സമീപവും സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് പോകുന്ന റോഡിലും തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയുടെ ടൗണിലെ പല സ്ഥലങ്ങളിലും പഞ്ചായത്തും പൊലീസും സംയുക്തമായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ ഈ ബോർഡുകൾ പോലും കാണാത്ത വിധത്തിലാണ് നടപ്പാതയ്ക്കു പോലും സ്ഥലമില്ലാത്ത റോഡിൽ സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്കുചെയ്യുന്നത്. എടത്വ പാലത്തിന് താഴയും പള്ളി പാലത്തിന് സമീപത്തും മറ്റിടങ്ങളിലുമൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും തിരക്കേറിയ റോഡിന് ഇരുവശങ്ങളുമാണ് പാർക്കിംഗിനായി തിരഞ്ഞെടുക്കുന്നത്. കുരിശടിക്ക് മുൻവശം കെ.എസ്.ആർ.ടി.സി ബസ് തിരിക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ തട്ടിയതിനെ തുടർന്ന് ബൈക്കുടമയ്ക്ക് ബസ് ഡ്രൈവർ നഷ്ടപരിഹാരം നൽകേണ്ടി വന്നു. എടത്വ ബോർഡ് വച്ച് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ടൗണിലാണ് സർവ്വീസ് അവസാനിപ്പിക്കേണ്ടത് എന്നിരിക്കെ ടൗണിൽ തിരിയാൻ സ്ഥലമില്ലെന്ന കാരണത്താൽ പല സർവീസുകളും രണ്ടു കിലോമീറ്ററോളം അകലെയുള്ള എടത്വ സ്റ്റാൻഡിലാണ് അവസാനിപ്പിക്കുന്നത്.

എടത്വ സാമൂഹികാരോഗ്യകേന്ദ്രം റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം അടിയന്തര ഘട്ടത്തിൽ ആംബുലൻസുകൾക്കു പോലും ഇതുവഴക കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ മദ്ധ്യഭാഗം ഉൾപ്പെടെ കൈയേറിയാണ് ഇരുചക്ര വാഹനങ്ങൾ മുതൽ പാഴ്‌സൽ ലോറികൾ വരെ പാർക്കുചെയ്യുന്നത്. കാൽനട യാത്രക്കാർക്കും ഈ വഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ്.

.......................................

'അനധികൃതമായ പാർക്കിംഗുകൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കടകളിലേക്ക് ആളുകൾക്ക് കയറിവരാൻ പോലും കഴിയാത്ത വിധത്തിലാണ് പലരും വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് മറ്റാവശ്യങ്ങൾക്കായി പോകുന്നത്. ഇതിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണം'

(വ്യാപാരികൾ)