ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം നൽകുമെന്ന് കരുതിയ സൗജന്യ നിരക്കിലുള്ള അരിപോലും നിക്ഷേധിച്ചത് ഏറെ സങ്കടകരമാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ആലപ്പുഴ കൊട്ടാരപ്പാലത്തിന് സമീപം എൻ.എസ്.എസ് ഹാളിൽ സപ്ലൈകോ ആരംഭിക്കുന്ന ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മുൻകാലങ്ങളിൽ കേന്ദ്രസർക്കാർ നൽകിയിരുന്ന സഹായങ്ങൾ തടസപ്പെടുന്ന രീതിയാണിപ്പോൾ. എങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയവും ഇത്തവണത്തെ മഴക്കെടുതിയും അതിജീവിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. 1565 ഓണ മാർക്കറ്റ് സപ്ലൈകോ സംസ്ഥാനത്ത് നടത്തുന്നു. ഗുണനിലവാരം ഉറപ്പാക്കിയ സാധനങ്ങൾ സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. പൊതുവിപണിയിൽ ജയ അരിക്ക് 35 രൂപയുള്ളപ്പോൾ സപ്ലൈകോ 25 രൂപയ്ക്ക് നൽകുന്നു. പൊതുവിപണിയിൽ 38 രൂപയുള്ള പഞ്ചസാര 22 രൂപയ്ക്കും പൊതുവിപണിയിൽ 145 രൂപയുള്ള മുളക് 75 രൂപയ്ക്കുമാണ് നൽകുന്നത്. പുറം വിപണിയിൽ 98 രൂപ വിലയുള്ള ഉഴുന്ന് ഇവിടെ 60 രൂപയ്ക്കു ലഭിക്കും. 14 സാധനങ്ങൾ പൊതുവിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവിലാണ് സപ്ലൈകോ വിൽക്കുന്നതെന്നും ഓണക്കാലത്ത് വില പിടിച്ചു നിറുത്താൻ ഇതുവഴി ഭക്ഷ്യവകുപ്പിന് കഴിയുന്നുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, കൗൺസിലർ ഷോളി സിദ്ധകുമാർ, ജനറൽ മാനേജർ ആർ.രാംമോഹൻ, ജില്ലാ സപ്ളൈ ഓഫീസർ പി.മുരളീധരൻ നായർ, വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.