മാന്നാർ: ആറന്മുള ഉതൃട്ടാതി ജലമേളയ്ക്കായി ചെന്നിത്തല പള്ളിയോടം വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ നീരണിഞ്ഞു. എൻ.എസ്.എസ് 93-ാം നമ്പർ കരയോഗ അംഗങ്ങളും വനിതാസമാജവും ബാലസമാജവും ഭക്തജനങ്ങളും ചെന്നിത്തല തെക്ക് ചാല മഹാദേവർ ക്ഷേത്രദർശനത്തിനു ശേഷം വഞ്ചിപ്പാട്ട്, താലപ്പൊലി, എന്നിവയോടുകൂടിയാണ് പള്ളിയോടം ഇന്നലെ രാവിലെ 11.30 നു ശേഷം നീറ്റിലിറക്കിയത്.

ആറന്മുള ജലമേളയിൽ പങ്കെടുക്കാൻ മുടങ്ങാതെ 127 വർഷമായി 80 കിലോമീറ്റർ ദൂരം അച്ചൻകോവിൽ, കുട്ടംപേരൂർ, പമ്പ നദികളിലൂടെ സഞ്ചരിച്ച് എത്തുന്ന പള്ളിയോടം എന്ന പ്രത്യകതയും ചെന്നിത്തല പള്ളിയോടത്തിനുണ്ട്. നാല്പത്തി ഒന്നേകാൽ കോൽ നീളവും 60 അംഗുലം വീതിയും 17 അടി അമരപ്പൊക്കവുമാണ് പള്ളിയോടത്തിനുള്ളത്. ആദ്യകാലങ്ങളിൽ പള്ളിപ്പാട്ട് കരയും ചെന്നിത്തലയും ഒന്നിച്ചായിരുന്നു യാത്ര. പിന്നീട് പള്ളിപ്പാട്ട് കരക്കാർ ആറന്മുള യാത്ര നിറുത്തുകയും ആ പള്ളിയോടം ചെന്നിത്തലകരക്കാർ വാങ്ങുകയും ചെയ്തു. നീറ്റിലിറക്കൽ ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ പങ്കെടുത്തു. ക്യാപ്ടൻ അനിൽ കുമാർ, പ്രസിഡന്റ് അനിൽ വൈപ്പുവിള, സെക്രട്ടറി ശശിധരൻ നായർ, പള്ളിയോട പ്രതിനിധി രാകേഷ്, പ്രമോദ്, ദീപു, രമേഷ് എന്നിവരാണ് പള്ളിയോട യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.