photo

ആലപ്പുഴ: പഠനത്തിനൊപ്പം കാർഷിക മേഖലയുടെ പ്രാധാന്യവും തിരിച്ചറിയുകയാണ് മാവേലിക്കര ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. ഇത്തവണ ഓണസദ്യയ്ക്കുള്ള പച്ചക്കറി വിഭവങ്ങൾ സ്കൂൾ വളപ്പിൽ തങ്ങൾ വിളയിപ്പിച്ച 'ഐറ്റ'ങ്ങൾ കൊണ്ടായിരിക്കുമെന്നതിന്റെ ആഹ്ളാദത്തിലാണ് എല്ലാവരും.

കനത്ത മഴ സ്കൂളിലെ പച്ചക്കറി കൃഷിയെ ബാധിക്കുമോയെന്ന ആശങ്ക കുട്ടികൾക്കും, അദ്ധ്യാപകർക്കുമുണ്ടായിരുന്നു. എന്നാൽ ആശങ്കകൾക്കെല്ലാം വിരാമം കുറിച്ച് നല്ല വിളവു തന്നെയാണ് കിട്ടിയിരിക്കുന്നത്. സ്‌കൂൾ വളപ്പിലെ അരയേക്കറോളം പ്രദേശം കൃഷിക്ക് ഉപയുക്തമാക്കി. നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരാണ് ഇതിനായി കഷ്ടപ്പെട്ടത്. 'മാവേലിയ്ക്കൊപ്പം മണ്ണിനൊപ്പം ' പദ്ധതി പ്രകാരമുള്ള പ്രളയാനന്തര കൃഷിയിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, തക്കാളി എന്നിവയാണ് പാകപ്പെടുത്തിയെടുത്തത്.

ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന ഹൈടെക് കൃഷി രീതിയാണ് സ്കൂളിൽ നടപ്പാക്കിയത്. ജലസേചനത്തിനൊപ്പം വളവും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ നൽകി. കളകൾ നിയന്ത്രിക്കാൻ പ്ലാസ്റ്റിക്ക് മൾച്ചിംഗും ചെയ്തു. വിളവെടുത്ത പച്ചക്കറികൾ ഓണ സദ്യയ്ക്കായി പ്രഥമാദ്ധ്യാപിക ജലജാമണി പാചകത്തിന്റെ ചുമതലക്കാരി സുശീലയ്ക്ക് കൈമാറി. വിളവെടുപ്പിന് പി.ടി.എ പ്രസിഡന്റ് എൻ.കലാധരൻ, പ്രിൻസിപ്പൽ ബി.അഥീല, സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് റോയ് ടി.മാത്യു, എൻ.എസ്.എസ് പി.എ.സി അംഗം പി.എസ്.അരുൺ, രഞ്ജു എസ് .നായർ, ശോഭന, പ്രോഗ്രാം ഓഫീസർ പി.എസ്.വിജയ എന്നിവർ നേതൃത്വം നൽകി.