nazil

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ യു.എ.ഇയിൽ ചെക്ക് കേസിൽ കുരുക്കാൻ ഒരുക്കിയ കെണിയുടെ ശബ്ദരേഖ പുറത്ത്. കേസിലെ വാദിയായ നാസിൽ അബ്ദുള്ളയുടേതെന്ന് സംശയിക്കുന്ന സംഭാഷണം പുറത്തായതോടെ ,കള്ളക്കളി പൊളിഞ്ഞു തുടങ്ങി.

കബീർ എന്നയാളോട് തുഷാറിനെ കുരുക്കാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ളതാണ് ശബ്ദരേഖ. തുഷാർ നാട്ടിലൊരാൾക്ക് നൽകിയ ബ്ളാങ്ക് ചെക്ക് സംഘടിപ്പിച്ച് തരണമെന്നാണ് നാസിൽ സുഹൃത്തായ കബീറിനോട് ആവശ്യപ്പെടുന്നത്. 'അഞ്ച് ലക്ഷം രൂപ കൊടുത്താൽ ആ ബ്ളാങ്ക് ചെക്ക് കിട്ടും. അത് വച്ച് ഒരു കളി കളിക്കും. കിട്ടുന്നതിൻെറ ഫിഫ്റ്റി ഫിഫ്റ്റി നമുക്ക് രണ്ട് പേർക്കുമായി പങ്കുവയ്ക്കാം...'- എന്ന വാഗ്ദാനവും നൽകുന്നുണ്ട്. നാസിലിന് താൻ ഇങ്ങനെയൊരു ചെക്ക് നൽകിയിട്ടില്ലെന്ന തുഷാറിന്റെ നിലപാട് ശരി വയ്ക്കുന്നതാണ് ശബ്ദസന്ദേശം. ബോധപൂർവം പണം തട്ടിയെടുക്കാൻ വേണ്ടി നാസിൽ നടത്തിയ കള്ളക്കളി പുറത്തായതോടെ വാദി പ്രതിയാകുന്ന സ്ഥിതിയാണ്.

ആദ്യ ശബ്ദരേഖയുടെ

പ്രസക്തഭാഗങ്ങൾ

'തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കേരളത്തിൽ ഒരാളുടെ കൈയിലുണ്ട്. അയാൾക്ക് കേസ് കൊടുക്കാൻ താത്പര്യമില്ല. അഞ്ച് ലക്ഷം രൂപ നൽകിയാൽ ആ ചെക്ക് എന്റെ കൈയിൽ കിട്ടും. അതിനു പണം തന്ന് സഹായിക്കണം. ചെക്ക് നമ്മുടെ കൈയിൽ വന്നാൽ തുഷാർ ഉടൻ ദുബായിൽ വരും. അവിടെവച്ച് കേസ് കൊടുത്ത് പൂട്ടാനാണ് എന്റെ പരിപാടി. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി ഒന്ന് കിടുങ്ങും. പെട്ടെന്ന് ക്ളിയർ ചെയ്യാൻ നോക്കും. പണം തരും. ചിലപ്പോൾ എന്തെങ്കിലും തന്നിട്ട് ക്ളിയർ ചെയ്യാൻ പറ്റുമോയെന്ന് നോക്കും. തർക്കം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്'

ചെക്ക് കിട്ടിയതിന്

ശേഷമുള്ള സന്ദേശം

'ആദ്യം പത്ത് ദശലക്ഷം ദിർഹം ചെക്കിൽ എഴുതിച്ചേർക്കാമെന്നാണ് വിചാരിച്ചത്. അഡ്വക്കേറ്റുമായി സംസാരിച്ചപ്പോൾ പത്തിടേണ്ട, അഞ്ചിട്ടാൽ മതിയെന്ന് പറഞ്ഞു. അഞ്ചോ ആറോ ഇടാം. ബ്ളാങ്ക് ചെക്കായത് കൊണ്ട് ലീഗലായിട്ട് അവരുടെ കൈയിലൊന്നും കാണില്ല. ഡോക്യുമെന്റുള്ളത് എൻെറ കൈയിലാണ്. എനിക്ക് കുറച്ച് പൈസ തുഷാർ തന്നിട്ടുണ്ട്. അത് തെളിയിക്കാനുള്ള ഒരു സാധനവും അവരുടെ കൈയിലില്ല. അങ്ങനെയുള്ള കളിയാണ് ഞാൻ കളിച്ചത്. അവരുടെ പോരായ്മ കൃത്യമായി ഞാൻ മനസിലാക്കി. നമ്മുടെ കളി കൈവിട്ടു പോയാൽ അപ്പോൾ സംഗതി പുറത്ത് വിടും. തുഷാർ അകത്തായാൽ മറ്റ് രീതികളായിരിക്കും അവർ നോക്കുക. ഇവിടത്തെ കേസായത് കൊണ്ട് നാട്ടിൽ കേസ് കൊടുക്കാനാവില്ല.എല്ലാ സാദ്ധ്യതകളും പരിശോധിച്ചാണ് ഞാൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ദുബായിൽ കേസ് കൊടുത്താൽ ശരിയാവില്ല, ഷാർജയിൽ കൊടുക്കാം'

സംസാരം കേസിന്

ഒരുമാസം മുമ്പ്

10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാൻ പൊലീസ് തുഷാറിനെതിരെ കേസെടുത്തത്. തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ചെക്ക് നൽകിയിട്ടില്ലെന്നും നാസിലുമായി ഇത്രയും വലിയ തുകയുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തുഷാർ പറഞ്ഞിരുന്നു.

തുഷാറിനെതിരെ ചെക്ക് കേസ് നൽകുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസിൽ കേരളത്തിലെ സുഹൃത്തുമായി ഇരുപതോളം തവണ സംസാരിച്ചത്. കളി പൊളിഞ്ഞതോടെ ,കബീർ തന്നെ ശബ്ദ സംഭാഷണങ്ങൾ പുറത്തുവിടുകയായിരുന്നു എന്നാണറിയുന്നത്.