ആലപ്പുഴ : ശബരിമല വിഷയത്തിൽ തെറ്റുതിരുത്തി ജനകീയ മുഖം തിരിച്ചു പിടിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ ജനവിരുദ്ധനാണെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവാഗതസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ശ്രീധരൻപിള്ള മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വിശ്വാസികളോടൊപ്പമാണെന്ന് പറയുന്നവർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല വിഷയത്തിലെ സത്യവാങ്‌മൂലം സർക്കാരും പാർട്ടിയും തിരുത്തണം. പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പേര് നേതൃത്വം പ്രഖ്യാപിക്കും. മൂന്ന് പേരുകൾ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലുള്ള തുഷാറിനെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ന്യൂനപക്ഷ സമുദായം ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ അംഗത്വം ചോദിച്ചു വാങ്ങുന്നു. ഇടത് വലത് മുന്നണികൾക്ക് ബദലായി ബി.ജെ.പി മാറിക്കഴിഞ്ഞെന്നും ശ്രീധരൻ പിള്ള പറഞ്ഞു.