ആലപ്പുഴ: കായംകുളം എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്‌കൂളിൽ ഓണം കടന്നുവരുന്നത് ഒന്നാംക്ളാസുകാരി ഭദ്ര യുടെ കവിതയിലൂടെയാണ്. കൂട്ടുകാരും അദ്ധ്യാപകരുമെല്ലാം തന്റെ ഓണക്കവിത ചൊല്ലുമ്പോൾ നാണിച്ചു ചിരിതൂവി നിൽക്കും ഈ കൊച്ചുമിടുക്കി.
'ഓണം വന്നല്ലോ
അത്തപ്പൂ ഇട്ടല്ലോ
ഊഞ്ഞാല് കെട്ടിയല്ലോ
പത്തനുടുപ്പിട്ട് ആടിയല്ലോ
തുമ്പീ വാ തേൻ കുടിയ്ക്കാൻ
പൂവിനകത്തു തേനുണ്ടേ...'
ഓമനത്തം നിറഞ്ഞുതുളുമ്പുന്ന ഈ ആറുവരി കവിത എഴുതിയ 'കവയിത്രി' ഭദ്രക്കുട്ടിക്ക് കവിതകൾ കേൾക്കുന്നതും എഴുതുന്നതും വലിയ ഇഷ്ടമാണ്. നല്ല രീതിയിൽ കവിത ചൊല്ലുകയും ചെയ്യും. മലയാളത്തേയും മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപികയേയും ഏറെ ഇഷ്ടപ്പെടുന്ന ഈ കുട്ടിക്കവിക്ക് എപ്പോഴും കവിത മൂളി നടക്കാനാണ് ഇഷ്ടം. മനസിൽ തോന്നുന്നത് അപ്പോൾത്തന്നെ കുറിച്ചു വയ്ക്കും. അക്ഷരങ്ങൾ ഈ കുരുന്നു മനസിൽ ഉറച്ചു തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, ഭാവനയുടെ മായാലോകത്താണ് കക്ഷി. എന്നും ഓരോ കവിതയുമായി മലയാളം അദ്ധ്യാപിക ബീന കുമാരകോടിയുടെ അടുത്തുവരും. ബീന അതിലെ കുറവുകളും കൂടുതലും തിരുത്തും. ആ തിരുത്തലുകൾ മനസിലുറപ്പിച്ച് അടുത്ത കവിതയിലേക്ക് നീങ്ങും. കുഞ്ഞു വാക്കുകളിലൂടെ ഈണത്തിൽ പാടാൻ കഴിയുന്നവയാണ് ഭദ്ര യുടെ കവിതകൾ. മുതുകുളം സൗത്ത് ധന്യയിൽ സാബു ഉണ്ണിക്കൃഷ്ണന്റേയും അർച്ചനയുടേയും മകളാണ് ഭദ്ര.