ആലപ്പുഴ: ഓണത്തിന്റെ തിരക്ക് വർദ്ധിച്ചതോടെ ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദേശീയപാതയിൽ കളർകോട് മുതൽ കൊമ്മാടി വരെയുള്ള ഭാഗം കടക്കാൻ മണിക്കൂറുകൾ വേണ്ടിവരും. ട്രാഫിക് പൊലീസിന് അംഗബലം കുറവായതിനാൽ കരുക്കഴിക്കാൻ പെടാപ്പാട് പെടുകയാണ് അവർ.
കളർകോട്, വലിയചുടുകാട്, തിരുവമ്പാടി, ജനറൽ ആശുപത്രി, ഇരുമ്പുപാലം, പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, ജില്ലാക്കോടതി പാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ ഏറെ കുരുങ്ങുന്നത്. രാവിലെ തുടങ്ങുന്ന കുരുക്ക് രാത്രി വരെ നീളും. കൺട്രോൾ റും മുതൽ തെക്കോട്ട് കൊട്ടാരപ്പാലം വരെയും ജില്ലാക്കോടതി പാലത്തിന്റെ ഇരുവശത്തെ റോഡിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
# തിരക്ക് ഇനി മുറുകും
ഓണത്തിന് ഇനി ആറുനാൾകൂടി മാത്രം. ശമ്പളവും ബോണസുമൊക്കെയായി ജനം ഒഴുകാൻ തുടങ്ങുമ്പോൾ ഇപ്പോഴത്തെ തിരക്ക് പതിൻമടങ്ങാവും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ് നഗരത്തിലെ പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ സ്ഥലം കിട്ടുന്നിടത്ത് പാർക്ക് ചെയ്തിട്ട് കടകൾ തേടി പോകുമ്പോഴാണ് കുരുക്ക് രൂക്ഷമാവുന്നത്. കാൽനട യാത്രികർക്ക് കെണിയൊരുക്കി കാത്തിരിക്കുകയാണ് നഗരത്തിലെ ഓടകൾ. ഒട്ടുമിക്ക ഭാഗത്തും മുകളിലെ സ്ളാബ് തകർന്ന അവസ്ഥയിലാണ്. കാഴ്ചകൾ ആസ്വദിച്ചു നടക്കുന്നവർ ഏതു സമയവും ഓടയിൽ വീഴാനുള്ള സാഹചര്യവുമുണ്ട്.