ramesh

ആലപ്പുഴ: ഇഴുമ്പഴിയുടെ ബലിഷ്ഠമായ അതിർവരമ്പിനുള്ളിൽ കഴിയവേ, മനസിൽ നുരഞ്ഞുപൊന്തിയ വരികൾ ഫൈസൽ തുണ്ടു പേപ്പറിൽ വെറുതേ കുറിച്ചിട്ടു. ഇടയ്ക്കിടെ ചൊല്ലി നോക്കി. നന്നാകുന്നുണ്ടെന്നു മനസുപറഞ്ഞപ്പോൾ ഒപ്പമുള്ളവരെ ചൊല്ലിക്കേൾപ്പിച്ചു, അവർക്കും ഇഷ്ടമായി. എന്നെങ്കിലും സ്വതന്ത്ര ജീവിതത്തിലേക്കു കടക്കുമ്പോൾ തന്റെ കവിതകൾ നല്ല സംഗീതത്തിന്റെ അകമ്പടിയോടെ ആസ്വദിക്കണമെന്ന ആഗ്രഹമാണ് ഫൈസലിനുള്ളത്.

ആലപ്പുഴ മണ്ണഞ്ചേരി പള്ളിവെളിയിൽ ഫൈസലിന്റെ (38) വിലാസം ഇപ്പോൾ മാവേലിക്കര സബ് ജയിലാണ്. ഒരു കേസിൽ കുടുങ്ങി രണ്ടര വർഷമായി വിചാരണത്തടവുകാരനായി കഴിയുന്നു. ജയിലിൽ എത്തിയശേഷമാണ് ഫൈസലിന്റെ മനസിൽ കവിത തെളിഞ്ഞുതുടങ്ങിയത്. രണ്ടര വർഷത്തിനിടെ എഴുതിക്കൂട്ടിയത് എഴുന്നൂറോളം കവിതകൾ! ജയിൽ അധികൃതരെയും ഫൈസൽ കവിത ചൊല്ലിക്കേൾപ്പിക്കാറുണ്ട്.

ഒൻപതാംക്ളാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഫൈസലിന് ചെറുപ്പകാലംതൊട്ടേ കവിതകളോട് താത്പര്യമുണ്ടായിരുന്നു. പക്ഷേ, എഴുതാൻ തോന്നിയത് തടവിലായശേഷം മാത്രം. 'ഞാനും നീയും' എന്നതായിരുന്നു ആദ്യ കവിത. ഏറ്റവും അവസാനമായി എഴുതിയത് 'കണ്ണീരും കിനാവും'. തന്റെ കവിതകളൊക്കെയൊന്നു റെക്കോർഡ് ചെയ്തു കേൾക്കണമെന്ന ആഗ്രഹം മാത്രമാണ് ഫൈസലിനുള്ളത്.