photo

മാരാരിക്കുളം: മുൻ ഉപ പ്രധാനമന്ത്റിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ.അദ്വാനി മകൾ പ്രതിഭയ്ക്കൊപ്പം മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. മാരാരിക്കുളത്തെ സ്വകാര്യ റിസോർട്ടിൽ കഴിഞ്ഞ ദിവസം എത്തിയ അദ്ദേഹം ഇന്നലെ വൈകിട്ട് ആറരയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്.

പഞ്ചവാദ്യവും താലപ്പൊലിയുമായാണ് ക്ഷേത്രം അധികൃതർ അദ്വാനിയെ സ്വീകരിച്ചത്. കുട്ടികളെ വാത്സല്ല്യത്തോടെ തലോടിയും വിശ്വാസികൾക്ക് മുന്നിൽ കൂപ്പുകൈകളോടെയുമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് കടന്നത്. ദീപാരാധന തൊഴുത ശേഷം രുദ്റാഭിഷേക വഴിപാടും നടത്തി. മേൽശാന്തി വേണുഗോപാലൻ എമ്പ്രാന്തിരി പ്രസാദം കൈമാറി. തൊഴുത് മടങ്ങിയപ്പോൾ ദേവസ്വം മാനേജർ ഡോ.വി.എസ്.ജയന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ക്ഷേത്രത്തിൽ വിളഞ്ഞ 51 രുദ്റാക്ഷവും നടരാജ ശിൽപ്പവും സമ്മാനിച്ചു. കേരളത്തിൽ എത്തിയപ്പോഴാണ് ഓണമാണെന്ന് അറിഞ്ഞതെന്നും ഇന്ന് റിസോർട്ടിൽ നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുമെന്നും പ്രതിഭ പറഞ്ഞു. അദ്വാനി എത്തുന്നതിനു മുന്നോടിയായി ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു