v
83- മത് ജന്മദിനത്തിൽ മധുരം പങ്കിടുന്ന വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സ്നേഹമൊഴികളും സ്നേഹപ്പൂക്കളും ഏറ്റുവാങ്ങി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 83-ാം പിറന്നാൾ ആഘോഷിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടിൽ ഇന്നലെ രാവിലെ മുതൽ നാനാതുറകളിലുള്ളവർ എത്തി ആശംസകൾ നേർന്നു. മന്ത്രിമാരടക്കം ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഫോണിലൂടെ ആശംസ അറിയിച്ചു. പുലർച്ചെ നാലിന് കണിച്ചുകുളങ്ങര ക്ഷേത്ര ദർശനത്തോടെയാണ് പിറന്നാൾ ദിനാഘോഷത്തിന് തുടക്കമായത്. വൈകിട്ട് ക്ഷേത്രത്തിൽ ചുറ്റുവിളക്ക് നടത്തി. എല്ലാ പിറന്നാളിലുമെന്നപോലെ മാത്യൂസ് എന്ന അഭ്യുദയകാംക്ഷി പിറന്നാൾ കേക്കുമായി എത്തി. അപ്പോഴേക്കും ഉറ്റവരുടെയും സുഹൃത്തുക്കളുടെയും മറ്റും കൂട്ടമായി. അവരുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ചു. ആദ്യ മധുരം പത്നി പ്രീതി നടേശന് നൽകി. വന്നവർക്കെല്ലാം പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.

പിറന്നാൾ ആശംസകളുമായി ഒരുപാട് പേർ വിളിച്ചു. ആരൊക്കെ വിളിച്ചു എന്നു പറയില്ലെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി. അടുത്ത ചോദ്യം: പാലായിൽ ആർക്ക് പിന്തുണ നൽകും?

'ഇന്നു നിങ്ങൾ എന്ത് ചോദിച്ചാലും പറയില്ല. ഇന്ന് അങ്ങനെ പറയാൻ പാടില്ല. മൂന്ന് ദിസവമായി വീട്ടിൽ പൂജ നടന്നുവരികയാണ്. ഈ മൂന്ന് ദിവസവും ഞാൻ ആദ്ധ്യാത്മിക ലോകത്താണ്. മറിച്ചൊന്നും ചിന്തിക്കുന്നതുപോലുമില്ല'- വെള്ളാപ്പള്ളി പറഞ്ഞു.