r

ആലപ്പുഴ: ജില്ലയിലെ അദ്ധ്യാപക ദിനാഘോഷ ദിനത്തിനുള്ള വന്ദനഗീതം അണിയറയിൽ തയ്യാറായി. വലിയഴീക്കൽ ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപകനായ പുന്നപ്ര ജ്യോതികുമാർ രചിച്ച വരികൾക്ക് ജോസി ആലപ്പുഴയാണ് ഈണം പകർന്നത്.

'തീർത്ഥയാനം അദ്ധ്യാപനം, സ്‌നേഹ
സാഗരോപമം ഗുരുവരം
അത്രമേൽ അർത്ഥപൂർണിമയ്ക്കിതാ
സുസ്വരാഞ്ജലികൾ സുസ്മിതം' എന്നു തുടങ്ങി മൂന്ന് ഖണ്ഡികയിലുള്ള വരികൾ ഉൾപ്പെട്ടതാണ് ഗീതം.

അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഗാനം 7 അദ്ധ്യാപകരും 3 അനദ്ധ്യാപകരുമാണ് ആലപിച്ചിരിക്കുന്നത്. അദ്ധ്യാപക കൂട്ടായ്മയിൽ പിറന്ന ഗാനം ഇന്ന് ജില്ലയിലെ വിദ്യാലയങ്ങളിൽ മുഴങ്ങും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ആർ.ഷൈലയുടെ നിർദേശ പ്രകാരമാണ് ഗുരുവന്ദനഗാനം രചിച്ചത്. അദ്ധ്യാപകന്റെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് വിവരിക്കുന്ന ഗാനത്തിൽ ഗാന്ധിജി, മദർതെരേസ, ഡോ. എ.പി.ജെ.അബ്ദുൾകലാം, ഡോ. രാധാകൃഷ്ണൻ തുടങ്ങിയവരെ സ്മരിക്കുന്ന വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അദ്ധ്യാപക ദിനത്തിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് വന്ദന ഗീതം അവതരിപ്പിക്കുന്നത്. ഇന്ന് ആലപ്പുഴ നഗരസഭയും ജില്ലാ വിദ്യാഭ്യാസ ഓഫീസും സംയുക്തമായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അദ്ധ്യാപക ദിനാഘോഷ ചടങ്ങിൽ വന്ദന ഗീതം അവതരിപ്പിക്കും. ഗുരുവന്ദനം നടക്കുന്ന സമയത്താണ് വന്ദന ഗീതം പാടുന്നത്. സംസ്ഥാന തലത്തിൽ അദ്ധ്യാപക ദിനാഘോഷ ചടങ്ങിൽ വന്ദന ഗീതം ഉൾപ്പെടുത്താൻ ഡി.പി.ഐക്ക് സംഘാടകർ പാട്ടിന്റെ സി.ഡി സമർപ്പിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ആർ.ദേവനാരായണന്റെ നേതൃത്വത്തിലാണ് ഏകോപനം. വന്ദന ഗീതത്തിന് ആവശ്യമായ ചെലവ് അദ്ധ്യാപകർ തന്നെയാണ് വഹിച്ചത്. സംഗീത അദ്ധ്യാപകരായ എം. പ്രമോർ കുമാർ, എസ്. ജയശ്രീ, ജയന്തി ജേക്കബ്, കെ.റാണി സുഷമ,നൈജി തോമസ്, ഹണി മാത്യു, കെ.എ.ഇഗ്‌നേഷ്യസ്, എ.എ.സെബാസ്റ്റ്യൻ, വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാരായ ഡെൻസിൽ, പി.ബിനിമോൾ, സീതപ്രസാദ് എന്നിവരാണ് ആലാപനം നടത്തിയത്.