താലൂക്കിലെ വടക്കൻ മേഖലയിൽ റോഡുകൾ മിനുങ്ങുന്നു
പൂച്ചാക്കൽ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ റോഡുകൾ മുഖംമിനുക്കാനൊരുങ്ങുന്നു. കുഴികളും വെള്ളക്കെട്ടും മൂലം യാത്രികർക്ക് വെല്ലുവിളിയായ ചേർത്തല - അരൂക്കുറ്റി റോഡും സമാന്തരപാതയായ എം.എൽ.എ റോഡും ദേശീയപാത നിലവാരത്തിൽ പുനർനിർമ്മിക്കും. ചേർത്തല - അരൂക്കുറ്റി റോഡിന്റെ പുനരുദ്ധാരണത്തിന് 11 കോടിയും പെരുമ്പളം - കൊമ്പനാമുറി റോഡിന് 5 കോടിയും മണിയാതൃക്കൽ - തൃച്ചാറ്റുകുളം റോഡിന് 10 കോടിയുമാണ് സർക്കാർ അനുവദിച്ചത്.
ചേർത്തല - അരൂക്കുറ്റി റോഡിന്റെയും എം.എൽ.എ റോഡിന്റെയും ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡുകൾ പുനർനിർമ്മിക്കുകയും തെരുവ് വിളക്കുകളുടെ തകരാറുകൾ പരിഹരിക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഈ റോഡുകളിൽ യാത്രാ ദുരിതത്തിന് അറുതിയാവും.
മാലിന്യ നിക്ഷേപവും തെരുവ് നായ ശല്യവുമാണ് നിലവിലെ പ്രധാന പ്രശ്നങ്ങൾ. ഇതിന് പരിഹാരമായി തൈക്കാട്ടുശേരി, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. എ.ബി.സി പദ്ധതിയിൽപ്പെടുത്തി തെരുവുനായ ശല്യത്തിനുകൂടി പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
മണിയാതൃക്കൽ- തൃച്ചാറ്റുകുളം റോഡ്
മണിയാതൃക്കൽ- തൃച്ചാറ്റുകുളം റോഡ് ദേശീയപാത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 11ന് മണിയാതൃക്കൽ ജംഗ്ഷനിൽ നടക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. എ.എം. ആരിഫ് എം.പി അദ്ധ്യക്ഷനാകും. സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് 10 കോടി ചെലവാക്കിയാണ് റോഡ് പുനർനിർമ്മിക്കുന്നത്.
പൂച്ചാക്കല്‍-അരൂക്കുറ്റി,പെരുമ്പളം കവല - കൊമ്പനാമുറി റോഡ് എന്നിവയും ദേശീയപാത നിലവാരത്തിൽ പുനർനിർമ്മിക്കും. നിർമ്മാണോദ്ഘാടനം നാളെ രാവിലെ 9.30 ന് അരൂക്കുറ്റിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. അഡ്വ. എ എം ആരിഫ് എം.പി അദ്ധ്യക്ഷനാകും. പൂച്ചാക്കൽ- അരൂക്കുറ്റി റോഡിന് 8 കോടി, പെരുമ്പളം കവല - കൊമ്പനാമുറി റോഡിന് 5 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. നെടുമ്പ്രക്കാട് - വിളക്കുമരം പാലത്തിന്റെ നിർമ്മാണോദ്ഘാടനവും ചേർത്തല - ഒറ്റപ്പുന്ന റോഡിന്റെ ഉദ്ഘാടനവും നാളെ വൈകിട്ട് 5.30ന് മന്ത്രി നിർവഹിക്കും. മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷനാകും.
പെരുമ്പളം - പാണാവള്ളി പാലം
പെരുമ്പളം - പാണാവള്ളി പാലത്തിന്റെ ശിലാസ്ഥാപന കർമ്മം 8 ന് വൈകിട്ട് 4.30ന് പെരുമ്പളത്ത് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, ടി.എം.തോമസ് ഐസക്ക്,എ.എം.ആരിഫ് എം.പി എന്നിവർ പങ്കെടുക്കും.100 കോടിയാണ് അടങ്കൽ തുക. 1110 മീറ്റർ നീളവും 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടുത്തി പാലത്തിന് 11 മീറ്റർ വീതിയുമുണ്ടാകും.ശിലാസ്ഥാപനം 3ന് നടത്താർ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവച്ചിരുന്നു.