vvhss

ചാരുംമൂട്: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന് താമരക്കുളം വി.വി.എച്ച്.എസ്.എസ് പി​.ടി​. എയ്ക്ക് അംഗീകാരം.

ഒന്നാം സ്ഥാനവുമായി ഹൈസ്‌കൂൾ വിഭാഗത്തിൽ ജില്ലയിലെ മികച്ച പി.ടി.എ
പുരസ്‌കാരം നേടി. അറുപതിനായിരം രൂപയും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എയും വി.വി.എച്ച്.എസ്.എസ് ആണ്. 25000 രൂപയാണ് അതിനുള്ള പുരസ്‌കാരം. 2600 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ
കായിക രംഗത്തും കലോത്സവത്തിലും ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലെ സംസ്ഥാന തലത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുളള അംഗീകാരമായി സംസ്ഥാനവനമിത്ര പുരസ്‌കാരം,ജൈവവൈവിദ്ധ്യ ബോർഡിന്റെ സംസ്ഥാന പുരസ്‌കാരം എന്നിവയും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്..
250 ഔഷധസസ്യങ്ങൾ വളരുന്ന ഔഷധസസ്യത്തോട്ടം വിദ്യാലയ വളപ്പിൽ സംരക്ഷിക്കുന്നു. രണ്ടു കിലോവാട്ടിന്റെ സോളാർ പാനൽ സ്‌കൂളിന്റെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു. കുട്ടികൾക്ക് ശുദ്ധമായ കുടിവെളളം നല്കുന്നതിന് പൂർവവിദ്യാർത്ഥികൾ സ്ഥാപിച്ച 65000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജൈവകൃഷിത്തോട്ടം പരിപാലിക്കുന്നു. കാർഷിക പ്രവർത്തനങ്ങൾക്ക് താമരക്കുളം കൃഷിഭവന്റെ സഹായം ലഭിക്കുന്നു. കറിവേപ്പില തോട്ടവുംപപ്പായ തോട്ടവുംമല്ലിത്തോട്ടവും വിദ്യാലയ വളപ്പിൽ വളരുന്നു. കുട്ടികൾ
പ്ലാസ്റ്റിക് ശേഖരിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ചാരുംമൂട്ടിലെ പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിൽ നല്കി വരുന്നു.
31 സ്മാർട്ട് ക്ലാസ് റൂമുകൾ പഠനപ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നു. എല്ലാ ക്ലാസ് റൂമുകളിലും ഫാനും ലൈറ്റുംസൗണ്ട് ബോക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 54 കുട്ടികൾ എല്ലാ വിഷയത്തിലും പ്ളസ് നേടി.
പ്രളയത്തിൽ പി.ടി.എയുടെ നേതൃത്വത്തിൽ വി.വി.എച്ച്.എസ്.എസ് നല്കിയത് നാല് ലക്ഷം രൂപയുടെ സഹായമാണ്.
പി.ടി.എ പ്രസിഡന്റ് എം.എസ് സലാമത്ത്, വൈസ്് പരസിഡൻറുമാരായ ഭാവചിത്ര ചന്ദ്രബാബു, ജി.എസ്.സതീഷ്, പി.ടി.എ എക്‌സിക്യൂട്ടി​വ് അംഗങ്ങൾ, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പി.ടി.എ പ്രവർത്തിക്കുന്നത്.
ഹെഡ്മിസ്ട്രസ് സുനിത.ഡി.പിളള, പ്രിൻസിപ്പൽ ജിജി.എച്ച്.നായർ,ഡെപ്യൂട്ടി എച്ച്.എം എ.എൻ ശിവപ്രസാദ് ,സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ ശാന്തിതോമസ്,റാഫി രാമനാഥ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.