te

ആലപ്പുഴ: ക്ളാസ് മുറിയിലെ ബെഞ്ചുകളിൽ ഇന്നലെ അവർ 'വിദ്യാർത്ഥി'കളായി. ചെറിയ നാണത്തോടെ 'അദ്ധ്യാപകർ' പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ തെറ്റുള്ള ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ആ വിദ്യാർത്ഥികൾ മാതൃകയാവുകയും ചെയ്തു.

അദ്ധ്യാപകദിനത്തിന്റെ ഭാഗമായി മുഹമ്മ ഗവ. എൽ.പി.എസിലാണ് കൗതുകകരമായ പഠനം നടന്നത്. അദ്ധ്യാപകരാണ് ഇന്നലെ വിദ്യാർത്ഥികളായി മാറിയത്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വേഷവും കെട്ടി. കുട്ടികളായ രേഷ്മയും സിനിയും തനുജയും റ്റിനിയും കേരളീയ വേഷം ധരിച്ച് അദ്ധ്യാപകരായി. കുട്ടി അദ്ധ്യാപികമാർ മണിമണിയായി പഠിപ്പിച്ച് തുടങ്ങിയപ്പോൾ അദ്ധ്യാപക കുട്ടികൾക്ക് സംശയം ലേശമേയില്ലായിരുന്നു. അദ്ധ്യാപകരെയാണ് പഠിപ്പിക്കുന്നതെന്ന അങ്കലാപ്പ് കുട്ടി അദ്ധ്യാപകർക്കുമില്ലായിരുന്നു. പഠിപ്പിക്കാൻവേണ്ടി നേരത്തെ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.

നിങ്ങളെ നിങ്ങളാക്കാൻ പ്രാപ്തരാക്കുന്നത് അദ്ധ്യാപകരാണെന്ന ഡോ.എസ്.രാധാകൃഷ്ണന്റെ വാക്കുകൾ എന്നും ഓർമ്മയിലിരിക്കണമെന്ന് ഹെഡ്മിസ്ട്രസ് പി.കെ.ഷൈമ പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധികളായ ആസിയ, മിന്ന, സഫ് വാൻ സുധീർ എന്നിവർ നേതൃത്വം നൽകി.