photo

ചേർത്തല:കാലങ്ങളായുള്ള ചേർത്തല നിവാസികളുടെ കാത്തിരിപ്പിന് വിരാമം.നെടുമ്പ്രക്കാട്-വിളക്കുമരം പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്നു നടക്കും.വൈകിട്ട് 5.30ന് വിളക്കുമരം ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ,നിർമ്മല ശെൽവരാജ്,സിന്ധു വിനു,ഷീല രഘുവരൻ,എൻ.ആർ.ബാബുരാജ് എന്നിവർ സംസാരിക്കും. അഡ്വ.എ.എം.ആരിഫ് എം.പി സ്വാഗതം പറയും.

ചേർത്തല-അരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് വിളക്കുമരം പാലം.കിഫ്ബി പദ്ധതിയിൽപ്പെടുത്തി 19.91 കോടി ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.ചെങ്ങണ്ട കായലിനു കുറുകെ 136 മീ​റ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 11മീ​റ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.അനുവദിച്ചതിൽ 60ലക്ഷം രൂപ അപ്രോച്ച് റോഡിന് സ്ഥലം ഏ​റ്റെടുക്കുന്നതിനായി നീക്കിവെച്ചിട്ടുണ്ട്.അപ്രോച്ച് റോഡിനായി കൂടുതൽ തുക ആവശ്യം വന്നാൽ എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പൂർത്തിയാക്കാനാണ് തീരുമാനം.30 കോടിയാണ് ബഡ്ജറ്റിൽ അനുവദിച്ചതെങ്കിലും കിഫ്ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ആദ്യഘട്ടത്തിൽ പാലം നിർമ്മിക്കുന്നതിനായി 19.91 കോടി അനുവദിക്കുകയായിരുന്നു.

2005ൽ മുഖ്യമന്ത്റിയും ചേർത്തല എം.എൽ.എയുമായിരുന്ന എ.കെ. ആന്റണി നിർമ്മാണ ഉദ്ഘാടനം നടത്തിയിരുന്നു. അതിന്റെ ശിലാഫലകവും 14 വർഷമായി അവിടെ ഉണ്ട്.അപ്രോച്ച് റോഡിന് സ്ഥലം ഏ​റ്റെടുക്കാൻ തുക അനുവദിക്കാത്തതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചത്.രണ്ട് കോടി രൂപ വിനിയോഗിച്ച് രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അപര്യാപ്തമാണെന്ന് കണ്ട് പിന്നീട് ആറരക്കോടിയായി വർദ്ധിപ്പിച്ചെങ്കിലും പാലത്തിന്റ പ്രാഥമിക രൂപരേഖയിൽ മാറ്റംവരുത്തിയതിനാൽ തുക തികയില്ലെന്ന് അറിയിച്ച് കരാറുകാരൻ പിൻവാങ്ങി. 2009ൽ 10.8 കോടിരൂപയുടെ പുതുക്കിയ എസ്​റ്റിമേ​റ്റും സമർപ്പിച്ചിരുന്നു. 2 ബീമുകൾ നിർമ്മിച്ചതൊഴികെ മ​റ്റൊന്നും നടന്നില്ല.മന്ത്റി പി.തിലോത്തമൻ,എ.എം.ആരിഫ് എം.പി എന്നിവരുടെ ശ്രമഫലമായാണ് നിർമ്മാണം പുനരാരംഭിക്കുന്നത്. പുതിയ പദ്ധതിയിൽ പുതിയതായി നിർമ്മാണം തുടങ്ങുന്നതിനാലാണ് വീണ്ടും നിർമ്മാണ ഉദ്ഘാടനം നടത്തുന്നെന്നാണ് സൂചന.എറണാകുളം കോണ്ടൂർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല.രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ.