photo

#തൊഴിലാളികൾക്കും ട്രെയിനികൾക്കും 8.33% ബോണസ്

ആലപ്പുഴ: ആശങ്കകൾക്കൊടുവിൽ കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ തൊഴിലാളികൾക്ക് ബോണസ് നൽകി. പഴയ തൊഴിലാളികൾക്കും ട്രെയിനി തൊഴിലാളികൾക്കും 8.33 ശതമാനമാണ് ബോണസ് . തൊഴിലാളി യൂണിയനുകളും മാനേജുമെന്റുമായി നടന്ന ചർച്ചയിലാണ് തീരുമാനം. പഴയ തൊഴിലാളികൾക്ക് മുൻ അഡ്വാൻസ് പിടിച്ചശേഷം 13000 രൂപയും ട്രെയിനികൾക്ക് 4000 രൂപയും അറ്റൻഡൻസിന് 12 രൂപ പ്രകാരവും ലഭിക്കും. അഡ്വാൻസ് തുക 10 തവണയായി തിരിച്ചടക്കണം. ബോണസ്, അറ്റൻഡൻസ് ഇൻസന്റീവ് എന്നിവ തൊഴിലാളികളുടെ അക്കൗണ്ടുകളിലെത്തി. അഡ്വാൻസ് തുക ഉടൻ ലഭിക്കും. ജൂലായ് മാസത്തെ ശമ്പളം കുടിശികയായതിനെ തുടർന്ന് ബോണസ് ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു തൊഴിലാളികൾ. ശമ്പളവും ബോണസും ലഭിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ 31ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'സ്പിന്നിംഗ് മില്ലിൻെറ ഗേറ്റ് കടന്ന് കണ്ണീരോണം' എന്ന വാർത്തയാണ് തൊഴിലാളികൾക്ക് തുണയായത്.

ജൂലായിലെ ശമ്പളം കഴിഞ്ഞ 30നാണ് ജീവനക്കാർക്ക് ലഭിച്ചത്.ആഗസ്റ്റിലെ ശമ്പളം ഓണത്തിനു മുമ്പ് ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച് ടി.ആർ.ആനന്ദൻ, സുധാകരൻ, രാജീവ്, ഉദയകുമാർ, ജി.ലാൽ, പൊന്നപ്പൻ, പി.സബ്ജു, സുനിൽ രാജ് എന്നിവർ ബോണസ് ചർച്ചയിൽ പങ്കെടുത്തു.

സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് കഴിഞ്ഞ ഒന്നരമാസമായി പ്രവർത്തനം നിറുത്തിവച്ച മില്ലിൽ ഉത്പാദനം പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ല.