ചാരുംമൂട്: നൂറനാട് പാറ ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം കവർന്നെടുത്തതാണ് ഇവിടുത്തെ കാത്തിരുപ്പ് കേന്ദ്രത്തെ. പൊലീസും മോട്ടോർ വാഹന വകുപ്പും ജനപ്രതിനിധികളും ചേർന്ന് കെ.പി റോഡിന്റെ ഇരുവശങ്ങളിലേക്ക് മാറ്റിയതാണ് കാത്തിരുപ്പ് കേന്ദ്രത്തെ. എന്നാൽ ഇന്ന് ബസ് സ്റ്റോപ്പ് ബോർഡല്ലാതെ മറ്റൊന്നും ഇവിടെയില്ല.
ജംഗ്ഷനു കിഴക്കു ഭാഗം പാലമേൽ പഞ്ചായത്തും പടിഞ്ഞാറു ഭാഗം നൂറനാട് പഞ്ചായത്തുമാണ് കൈയ്യാളുന്നത്. ഇരുപഞ്ചായത്തുകളും അവർക്ക് അവകാശപ്പെട്ട സ്ഥലത്തായി കാത്തിരിപ്പുവിശ്രമകേന്ദ്രം സ്ഥാപിക്കുമെന്ന സ്ഥലം എം.എൽ.എ, ആർ.രാജേഷിന്റെ ഉറപ്പും വെറുതെയായി. മഴക്കാലമായശേഷം ഇവിടെയെത്തുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ കയറി നിൽക്കാൻ ഇടമില്ലാതെ ചെറിയ ഒരു മരച്ചുവട്ടിലാണ് ബസ് വരുന്നതും കാത്ത് മണിക്കൂറുകളോളം തങ്ങുന്നത്. താലൂക്ക് വികസന സമിതി യോഗത്തിലും ഇത് ചർച്ചയായ വിഷയമാണ്.സാധാരണക്കാരായ നാട്ടുകാരുടെ അടിയന്തിര സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ ഇരു പഞ്ചായത്തുകളിലെയും ഭരണ സമിതിക്ക് ഒരേ 'ശുഷ്കാന്തി'യാണെന്നാണ് ജനസംസാരം.
ഒന്നു കയറി നിൽക്കാൻ ഒരിടമില്ല. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് പ്രയോജനപ്പെടുത്തി ഇവിടെ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കണം.
യാത്രക്കാർ