tv-r

തുറവൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ മഞ്ജുഷയ്ക്ക് ഇനി​ കെട്ടുറപ്പുള്ള വീട്ടി​ൽ അന്തി​യുറങ്ങാം. പൊലീസ് സേനാംഗങ്ങളുടെ സംഘടനയായ മേഴ്സി​ കോപ്സി​ന്റെ നേതൃത്വത്തി​ലാണ് ബിരുദ വിദ്യാർത്ഥിയായ മഞ്ജുഷയ്ക്ക് വീട് നി​ർമ്മിച്ചു നൽകുന്നത്. വീടിന്റെ ശിലാസ്ഥാപനം എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി.വി.എം.മുഹമ്മദ് റഫീഖ് നിർവഹിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി.കെ. സുദർശനൻ, കുത്തിയതോട് എസ്.ഐ. എസ്.ചന്ദ്രശേഖരൻ നായർ,ചേർത്തല എൻ.എസ്.എസ്.കോളേജ് പ്രിൻസിപ്പൽ ഗോപകുമാർ, പ്രൊഫ.രമ്യകൃഷ്ണൻ, അനൂബ്, വാർഡംഗം ലത ശശിധരൻ എന്നിവർ പങ്കെടുത്തു.

ചേർത്തല എൻ.എസ്.എസ് കോളേജിൽ ബി.എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലുങ്കൽതറയിൽ മഞ്ജുഷ.

നാലു സെന്റ് സ്ഥലത്ത് തേക്കാത്ത ഒരു ചെറി​യ ഓടിട്ട വീട്ടിലായിരുന്നു മഞ്ജുഷയും മാതാപിതാക്കളായ രവിയും കാഞ്ചനയുമൊത്ത് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ രവിയുടെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ക്ഷയരോഗം ബാധിച്ച് രവി മരിച്ചതോടെ കുടുംബത്തിന് ആശ്രയമില്ലാതായി. പിന്നീട്, അമ്മ കാഞ്ചന തൊഴി​ലുറപ്പ് ജോലി​​ ചെയ്ത് കി​ട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

ഇല്ലായ്മകളുടെ നടുവി​ലും മഞ്ജുഷ എസ്. എസ്. എൽ.സി​ പരീക്ഷയി​ൽ ഒമ്പത് എ പ്ലസും ഒരു ബി പ്ലസും നേടി. പ്ളസ്ടുവി​നും മി​കച്ച വി​ജയം നേടിയാണ് ബി​രുദത്തി​ന് ചേർന്നത്. പ്രതി​കൂല സാഹചര്യങ്ങൾക്കി​ടയി​ലും മഞ്ജുഷ പഠനത്തിൽ മികവ് പുലർത്തുന്നതറി​ഞ്ഞാണ് വീട് നി​ർമ്മിച്ചു നൽകാൻ മേഴ്സി​ കോപ്സ് തീരുമാനി​ച്ചത്. മൂന്ന് മാസം കൊണ്ട് മഞ്ജുഷയുടെ വീടിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് സംഘാടകർ പറഞ്ഞു.മേഴ്‌സി കോപ്‌സ് സംസ്ഥാനത്ത് 7200 അംഗങ്ങളുളള സംഘടനയാണ്. അംഗങ്ങളുടെ വരുമാനത്തിൽ നിന്നും സ്വരൂപിക്കുന്ന പണം കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.