മാവേലിക്കര : മൂത്തമകൻ അനാഥമന്ദിരത്തിൽ ഉപേക്ഷിച്ച വൃദ്ധമാതാവിനെ ഒന്നരവർഷത്തിനുശേഷം ഇളയ മകൻ കണ്ടെത്തി വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. തഴക്കര ഇറവങ്കര പണയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗ്ഗവിയമ്മയ്ക്കാണ് (93) ഈ ഓണം വീട്ടിലുണ്ണാനുള്ള ഭാഗ്യമുണ്ടായത്.
ഒന്നരവർഷം മുമ്പാണ് മൂത്ത മകൻ രാജേന്ദ്രൻ ഭാർഗവിയമ്മയെ ഓച്ചിറ വവ്വാക്കാവിലുള്ള ശാന്തിഭവനിൽ ഉപേക്ഷിച്ചത്.
മറ്റു മക്കളുടെ അറിവോടെയായിരുന്നില്ല ഇത്. കുടുംബ വീടിനടുത്ത് താമസിക്കുന്ന ഇളയ മകൻ ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബു മറ്റൊരാൾ വഴിയാണ് അമ്മയെ ഉപേക്ഷിച്ച വിവരം അറിഞ്ഞത്. പലസ്ഥലങ്ങളിലും വിനയൻ അമ്മയെ തേടിയലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒന്നരമാസം മുമ്പ് ശാന്തിഭവൻ സന്ദർശിച്ച സുഹൃത്ത് വഴിയാണ് ഭാർഗ്ഗവിയമ്മ ഇവിടെയുണ്ടെന്ന് വിനയൻ അറിയുന്നത്. തുടർന്ന് മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ്‌കുമാറിന് വിനയൻ പരാതി നൽകി. തഹസീൽദാർ ആർ.ഡി.ഒക്ക് പരാതി കൈമാറി. ഒന്നര മാസം നീണ്ട നടപടികൾക്കു ശേഷമാണ് വിനയനും ഭാര്യ ഷൈലജയും ചേർന്ന് അമ്മയെ വീട്ടിലെത്തിച്ചത്.
ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി, മാവേലക്കര തഹസീൽദാർ എസ്.സന്തോഷ്‌കുമാർ, ഭൂരേഖ തഹസീൽദാർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അഗതി മന്ദിരത്തിൽ നിന്നും ഭാർഗ്ഗവിയമ്മയെ വീട്ടിലെത്തിച്ചത്. രാജേന്ദ്രന്റെ ഭാര്യ തന്നെ അസഭ്യം പറയുകയും ദേഹോപദ്രം ഏൽപിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ഭാർഗ്ഗവിയമ്മ പറഞ്ഞു. മരുമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ പറഞ്ഞു.