snehabhavanam

മാന്നാർ: മുപ്പത്തിരണ്ട് കൊല്ലമായി വാടക വീടുകളിൽ മാറി മാറി താമസിക്കുന്ന രമണിയമ്മാളിന് ഇനി സ്വന്തം ഭവനം. കെ.ആർ.സി വായനശാല സ്‌നേഹഭവനം നിർമ്മിച്ചു നല്കുന്നത്.

മാന്നാർ കുരട്ടിക്കാട് വടക്കേവിളയിൽ (വള്ളംകുളം) വീട്ടിൽ രമണിയമ്മാൾ (59) പത്ത് മാസം മുൻപ് ഭർത്താവ് മുരുകൻ മരിച്ചതോട് തനിച്ചാവുകയായിരുന്നു. ഭർത്താവിന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലം വിറ്റാണ് പന്ത്രണ്ട് വർഷം മുൻപ് ഏക മകളായ രമ്യയെ വിവാഹം കഴിപ്പിച്ച് അയച്ചത്. രമണിയമ്മാളിന് കുടുംബവിഹിതമായി കിട്ടിയ ഒന്നരസെന്റ് സ്ഥലത്ത് ഓട്ടു പാത്ര നിർമ്മാണ തൊഴിലാളിയായ ഭർത്താവ് മുരുകന് വീട് തീർക്കാൻ കഴി​ഞ്ഞി​രുന്നി​ല്ല. ഇരുപത് വർഷം മുൻപ് ജോലിക്കിടെ വീണ് കൈ ഒടിഞ്ഞ രമണിയമ്മാളിന് കോട്ടയം മെഡിക്കൽ കോളേജിൽ കൈ ഓപ്പറേഷൻ ചെയ്ത് കമ്പി ഇട്ടെങ്കിലും നാളിതുവരെ കമ്പി എടുത്ത് മാറ്റാത്തതിനാൽ ജോലികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സുമനസുകളുടെ സഹായത്തോടെയാണ് ഇവർ ഒരോ ദിവസവും കഴിച്ചുകൂട്ടുന്നത്. ഇവരുടെ ദുരിത പൂർണ്ണമായ ജീവിത കഥ അറിഞ്ഞ കെ.ആർ. സി. വായനശാല രമണിയമ്മാളിന്റെ ഒന്നര സെന്റ് സ്ഥലത്ത് വീട് വച്ച് കൊടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. 320 ചതുരശ്ര അടിയിൽ മൂന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. പലരും നിർമ്മാണ വസ്തുക്കൾ നല്കി സഹായിച്ചതു കൊണ്ടാണ് കുറഞ്ഞ ചെലവിൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചതെന്ന് പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ, കെ.ആർ രഞ്ജിത്ത്, എം.കെ നൗഷാദ്, പി.കെ മുരുകൻ എന്നിവർ പറഞ്ഞു. താക്കോൽദാനം എട്ടിന് മുത്താരമ്മൻ ദേവീക്ഷേത്രത്തിനു സമീപം വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ നി​ർവഹി​ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.വീടിന്റെ താക്കോൽ ഗായിക പ്രിയ അച്ചു ഉടമ രമണിയമ്മാളിന് കൈമാറും. ഓണക്കിറ്റ് വിതരണം സജി ചെറിയാൻ എം.എൽ.എ നല്കും. കെ.ആർ.സിയുടെ കീർത്തി പുരസ്‌ക്കാരം ജീവകാരുണ്യ പ്രവർത്തകനായ ഷാജി കെ ഡേവിഡിന് നൽകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ഓണ സന്ദേശവും നൽകും.