
വള്ളികുന്നം: ഇരുതലമൂരിയെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി പണം തട്ടിയ മൂവർ സംഘത്തെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. മാവേലിക്കര ചെട്ടികുളങ്ങര ചാക്കര കിഴക്കതിൽ ദീപു (26),,കായംകുളം പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതിൽ അനൂപ് എന്ന ജോയി (25), കായംകുളം പെരുങ്ങാല കൊക്കാട്ട് കിഴക്കതിൽ സുൽഫിക്കർ എന്ന സുൽഫി (25) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്ത്ഡ്രൈവറായി ജോലി ചെയ്യുന്ന ദീപുവിന്റെ സുഹൃത്തായ ആലുവ വാഴകുളം ആലുങ്കൽ വീട്ടിൽ ഷൈജുവിൽ നിന്നാണ് സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. പൊലീസ് പറയുന്നത് : കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെയാണ് ഇരുതലമൂരി നല്കാമെന്ന് പറഞ്ഞ് ഷൈജുവിനെയും സുഹൃത്തിനെയും ദീപു കായംകുളം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. തുടർന്ന് ദീപു സുഹൃത്തുക്കളായ അനൂപിനെയും സുൽഫിക്കറിനേയും ഇവിടേക്ക് വിളിച്ചുവരുത്തി. ബൈക്കിലെത്തിയ ഇവർ ഷൈജുവിനേയും സുഹൃത്തിനെയും കറ്റാനത്തെ ഹോട്ടലിൽ എത്തിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇതിന് ശേഷം ഷൈജുവുമായി പ്രതികൾ ഇലിപ്പക്കുളം മങ്ങാരം ജംഗ്ഷന് സമീപം കട്ടച്ചിറ വയലിൽ എത്തി. കൊണ്ടു വന്നിട്ടുള്ള പണം വീഡിയോ കോൾ വഴി കാണിക്കണമെന്ന് ഷൈജുവിനോട് ദീപു മറ്റൊരിടത്തു നിന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. ഷൈജു ബാഗ് തുറന്ന് പണം കാണിക്കുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന അനൂപും സുൽഫിക്കറും മുഖത്ത് മുളക് പൊടി സ്പ്രേ ചെയ്ത് അടിച്ചുവീഴ്ത്തി പണം തട്ടിയെടുത്ത് രക്ഷപ്പെട്ടു.തുടർന്ന് വൈകിട്ട് മൂന്നോടെ
ട്രാവലർ വാങ്ങാൻ കൊണ്ടുവന്ന ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ഷൈജു വള്ളികുന്നം പൊലീസിൽ പരാതി നൽകി. ഇരുവലമൂരി വാങ്ങാൻ വന്നകാര്യം മറച്ചുവച്ചതായി പൊലീസ് പറഞ്ഞു. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് കായംകുളത്തു നിന്ന് രാത്രിയോടെ ഇവരെ പിടികൂടി. ഇവരിൽ നിന്നും 86000 രൂപയും പൊലീസ് കണ്ടെടുത്തു.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ് വി കോരയുടെ നേതൃത്വത്തിൽ എസ്.ഐ പി.എസ് ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐ അൻവർ സാദത്ത്. ജയകൃഷ്ണൻ, അമീർ ഖാൻ, നജീബ്, നജു റോയ്, സജു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുതലമൂരി ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഷൈജു വ്യാജ പരാതിയാണ് നല്കിയതെന്നും ഇയാൾ ഇരുതല മൂരിയെ വാങ്ങാനാണ് വന്നതെന്നും ഡിവൈ.എസ്.പി അനീഷ് വി കോര പറഞ്ഞു .