ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഏകാത്മകം' മെഗാ ഇവന്റ് 2020 ജനുവരിയിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനത്ത്‌ നടക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഗുരുദേവൻ രചിച്ച കുണ്ടലിനിപാട്ട് എന്ന കൃതിയുടെ മോഹിനിയാട്ട നൃത്താവിഷ്‌കാരത്തിലൂടെയാണ് 'ഏകാത്മകം മെഗാ ഇവന്റ്' നടത്തുന്നത്. ആയിരക്കണക്കിന് മോഹിനിയാട്ട നർത്തകിമാർ ഇതിൽ പങ്കെടുക്കും. പ്രശസ്ത മോഹിനിയാട്ട നർത്തികിയും ഗിന്നസ്‌വേൾഡ് വിന്നറുമായ ഡോ.ധനുഷാസന്യാലിന്റെ നേതൃത്വത്തിലാണ് നൃത്തപരിശീലനം.

ഗുരുദർശനത്തിലധിഷ്ഠിതമായ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രീനാരായണ ദർശനത്തിനു ലഭിച്ച വലിയ അംഗീകാരമാണ്. അശാന്തിയുടെയും തീവ്രവാദത്തിന്റെയും അസഹിഷ്ണുതയുടെയും പിടിയിലമരുന്ന ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും ഒരുമയുടെയും ഊർജം പകരാൻ പര്യാപ്തമായ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവസന്ദേശത്തെ ലോകോത്തര മന്ത്റമാക്കി പ്രചരിപ്പിക്കുന്നതിനുള്ള ധാർമ്മിക ഉത്തരവാദിത്വം എസ്.എൻ.ഡി.പി യോഗം ഏ​റ്റെടുക്കുന്നു. അതിന്റെ ഭാഗമായാണ് ഏകാത്മകം മെഗാ ഈവന്റെന്നും വെള്ളാപ്പള്ളി പറഞ്ഞു. നൃത്ത പരിശീലനത്തിന് ഇന്ന് കൂർക്കഞ്ചേരി ക്ഷേത്ര ആഡി​റ്റോറിയത്തിൽ തുടക്കമാകും.
മെഗാ ഇവന്റിന്റെ നടത്തിപ്പിലേക്ക്‌ തുഷാർ വെള്ളാപ്പള്ളി ചെയർമാനായും അരയക്കണ്ടി സന്തോഷ് ജനറൽ കൺവീനറായും കമ്മി​റ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രക്ഷാധികാരി പ്രസിഡന്റ് ഡോ. എം.എൻ.സോമനുമാണ്. ഇവന്റിന്റെ വൈസ് പ്രസിഡന്റുമാരായി യോഗം കൗൺസിലർമാരായ എ.ജി.തങ്കപ്പൻ, പി.ടി. മൻമഥൻ, ബാബു കടുത്തുരുത്തി, ബേബിറാം, പ്രസന്നൻ, ഷീബ, പി.സുന്ദരൻ, പി.എസ്.എൻ.ബാബു, വിപിൻരാജ്, സന്ദീപ് പച്ചയിൽ, എബിൻ അമ്പാടി, കെ.വി.സദാനന്ദൻ, കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, സൈബർസേന സംസ്ഥാന കൺവീനർ സുധീർകുമാർ എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്രവനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഇവന്റ് കോ-ഓർഡിനേ​റ്ററും സൈബർസേന സംസ്ഥാന ചെയർമാൻ കിരൺചന്ദ്രൻ ഇവന്റ് ഓർഗനൈസറുമാണ്. യോഗം അസി.സെക്രട്ടറിമാർ, ഇൻസ്‌പെക്ടിംഗ് ഓഫീസർമാർ, പോഷകസംഘടനാ കേന്ദ്രസമിതി ഭാരവാഹികൾ, തൃശൂർ ജില്ലയിലെ യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ കൺവീനർമാരാണ്.