thushar

ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ള നൽകിയ 20 കോടി രൂപയുടെ ചെക്ക് കേസ് തെളിവില്ലെന്ന് കണ്ട് അജ്മാൻ കോടതി തള്ളി. തുഷാറിന്റെ പാസ്പോർട്ട് വിട്ടു നൽകാനും കോടതി ഉത്തരവിട്ടു. ഇതോടെ ഓണത്തിന് മുമ്പ് നാട്ടിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് തുഷാർ.

തുഷാർ നാട്ടിലേക്കു വരുന്നത് തടയാൻ നാസിൽ നൽകിയ സിവിൽ കേസും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

കഴിഞ്ഞ 21ന് അജ്മാനിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ രാത്രിയിൽ പൊലീസ് എത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാസിലിന് താൻ ചെക്ക് നൽകിയിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വ്യക്തമാക്കിയിരുന്നു.

ഖദീർ എന്നയാളെക്കൊണ്ട് തുഷാറിന്റെ ഒപ്പുള്ള ബ്‌ളാങ്ക് ചെക്ക് കൈവശമാക്കിയ ശേഷം അതിൽ 20 കോടി രൂപ എന്ന് എഴുതിച്ചേർത്ത് നാസിൽ വ്യാജ ചെക്ക് ഉണ്ടാക്കുകയായിരുന്നു. തുഷാറിനെ കുടുക്കി പണം തട്ടാൻ നാസിൽ പദ്ധതി ആസൂത്രണം ചെയ്തതിന്റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് തട്ടിപ്പ് വെളിയിലായത്. മറ്റൊരാളിൽ നിന്ന് താൻ അഞ്ച് ലക്ഷം രൂപ കൊടുത്ത് ചെക്ക് വാങ്ങിയതാണെന്ന് ശബ്ദരേഖയിൽ നാസിൽ പറയുന്നുണ്ട്. നാസിലിന് ചെക്ക് നൽകിയിട്ടില്ലെന്ന് തുഷാർ വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു ശബ്ദരേഖ. പത്തുവർഷം മുമ്പുള്ള ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്നും തുഷാർ വാദിച്ചിരുന്നു.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, വിശ്വാസ യോഗ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പരാതിക്കാരന്റെ വാദം നിലനിൽക്കില്ലെന്ന് കണ്ടെത്തി കേസ് തള്ളുകയായിരുന്നു.

ഇത് നീതിയുടെ വിജയമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വ്യവസായ പ്രമുഖൻ എം.എ. യൂസഫ് അലിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുഷാർ നന്ദി രേഖപ്പെടുത്തി.