ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളിയത് സത്യത്തിന്റെ വിജയമാണെന്ന് അമ്മയും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ പ്രീതീ നടേശൻ പറഞ്ഞു.
'തുഷാറിന്റെ ശുദ്ധത മുതലെടുക്കുകയായിരുന്നു പരാതിക്കാരൻ. ഗുരുദേവന്റെ കൃപാകടാക്ഷത്താൽ കേസിൽ വിജയം കണ്ടു. സംഭവം നടന്ന രാത്രിയിൽ ഞാൻ വിളിച്ചപ്പോൾ അമ്മ പേടിക്കേണ്ടന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് തുഷാർ പറഞ്ഞത്. തുഷാറിന്റെ വാക്കിൽ വിശ്വാസം ഉള്ളതിനാൽ എനിക്ക് വിഷമം ഉണ്ടായില്ല. ശ്രീനാരായണ ഗുരുദേവനിൽ സമർപ്പിച്ച് ഞാൻ പ്രാർത്ഥിച്ചു. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ എത്തിയതോടെ അദ്ദേഹത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ചില കേന്ദ്രങ്ങളിൽ നിന്ന് വലിയ ശ്രമമാണ് ഉണ്ടാകുന്നത്. അതിന്റെ ഭാഗമാണ് ഈ കേസും. തുഷാറിന്റെ മനസ് തളർത്താനാണ് ഇത്തരത്തിലുള്ള കേസ്. അതിനെയൊക്കെ നേരിട്ട് വിജയിക്കാനുള്ള മനക്കരുത്ത് ഗുരുദേവൻ ഞങ്ങൾക്ക് നൽകുന്നുണ്ട്.
കള്ളക്കേസ് നേരിടാൻ തുഷാറിന്റെ കൈയിൽ ഒരു തെളിവും ഇല്ലായിരുന്നു. പത്ത് വർഷം മുമ്പ് തുഷാറിനോപ്പം സഹായികളായി നിന്നവരും സ്റ്റാഫും സുഹൃത്തുക്കളും അവരുടെ പക്കൽ ഉണ്ടായിരുന്ന രേഖകൾ തുഷാറിന് നൽകി സഹായിച്ചു. അത് കോടതിയിൽ ഹാജരാക്കി. അവർക്കും യൂസഫ് അലിക്കും മുഖ്യമന്ത്രിക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. ശുദ്ധനാണ് തുഷാർ. ആര് എന്ത് പറഞ്ഞാലും അവൻ വിശ്വസിക്കും. എല്ലാവരെയും വിശ്വസിക്കും. അതുകൊണ്ടാണ് ചതിക്കുഴിയിൽ വീണത്. ഇതിൽ നിന്ന് പുതിയ പാഠം ഉൾക്കൊള്ളണം. ആർക്ക് പണം നൽകിയാലും കണക്ക് സ്വന്തമായി എഴുതി സൂക്ഷിക്കാറില്ല. ഇപ്പോഴത്തെ അനുഭവം ജീവിതത്തിൽ പാഠമാകും. നടേശൻ ചേട്ടനെ ആർക്കും പറ്റിക്കാൻ കഴിയില്ല. തുഷാർ അറസ്റ്റിലായപ്പോൾ കുടുംബാംഗങ്ങൾക്ക് ദുഖമുണ്ടായി. എല്ലാവരും പ്രാർത്ഥനയിലായിരുന്നു. ഇന്നലെ ഒരു വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസ് തള്ളിയ വിവരം നടേശൻ ചേട്ടൻ അറിയിച്ചത്. ഏറെ സന്തോഷം പകർന്നതാണ് ആ ഫോൺ കോൾ. എപ്പോൾ എത്തുമെന്ന് അറിയിച്ചിട്ടില്ല. തിരുവോണത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. കേസിന്റെ വിജയം ഗുരുദേവന്റെ അനുഗ്രഹമാണ്'- പ്രീതി നടേശൻ പറഞ്ഞു