perum

പൂച്ചാക്കൽ: പെരുമ്പളം ദ്വീപ് നിവാസികൾക്ക് സർക്കാർ നൽകുന്ന ഓണസമ്മാനമാണ് പെരുമ്പളം -പാണാവള്ളി പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനം മൂലമാണ് കാര്യങ്ങൾ വേഗത്തിലായതെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുമ്പളം -പാണാവള്ളി പാലത്തിന്റെ നിർമ്മാണോദ്ഘാടനം പെരുമ്പളം മാർക്കറ്റ് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചില പദ്ധതികൾക്ക് അതിന്റെ ഗുണം കിട്ടേണ്ട നാട്ടുകാർ തന്നെ എതിരുനിൽക്കാറുണ്ട്. എന്നാൽ ഇവിടെ പൊതുവായ ആവശ്യമാണ് പാലം നിർമ്മാണം. പാലത്തിന് കിഫ്ബിയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേഗ-120 ബോട്ടിൽ ദ്വീപിലെത്തിയ മുഖ്യമന്ത്രിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായി. എ.എം.ആരിഫ് എം.പി, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധന റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ ഡോ. അദീല അബ്ദുള്ള, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.എം.പ്രമോദ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം പി.ജി.മുരളീധരൻ, ആബിദ അസീസ്, പ്രദീപ് കൂടയ്ക്കൽ, ശാന്തമ്മ പ്രകാശ്, ഹരിക്കുട്ടൻ, ഗീതാ സന്തോഷ്, വിനിത പ്രമോദ് തുടങ്ങിയവർ

സംസാരിച്ചു.

......................................

അടങ്കൽ തുക: 100 കോടി

ആകെ നീളം: 1110 മീറ്റർ

ആകെ വീതി: 11 മീറ്റർ

റോഡിന്റെ വീതി: 7.5 മീറ്റർ

ആകെ ഏറ്റെടുത്തത്: 254 സെന്റ്

..............................................

വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലും പെരുമ്പളത്ത് 250 മീറ്റർ നീളത്തിവും സമീപന റോഡ് നിർമ്മിക്കും. വടുതലയിൽ 70 സെന്റും പെരുമ്പളത്ത് 184 സെന്റും ഏറ്റെടുത്തിട്ടുണ്ട്.

.........................................